ചേമഞ്ചേരി: 55 കോടി രൂപ ചെലവഴിച്ച് തിരുവങ്ങൂരില്‍ നിര്‍മിച്ച കേരള ഫീഡ്സിന്‍െറ കാലിത്തീറ്റ നിര്‍മാണ ഫാക്ടറിയില്‍ ഉദ്ഘാടനം കഴിഞ്ഞ് ഏഴു മാസമായിട്ടും ഉല്‍പാദനം തുടങ്ങാനായില്ല. ജനുവരിയിലാണ് സര്‍ക്കാറിന്‍െറ അതിവേഗ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച ഫാക്ടറി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. ഫാക്ടറിയിലെ ഉയരം കൂടിയ കെട്ടിടത്തില്‍ നിര്‍മിച്ച ഗോവണിയിലെ പടികള്‍ക്കിടയിലുള്ള അകലം നിര്‍ദിഷ്ട മാനദണ്ഡത്തില്‍നിന്നും വ്യത്യാസപ്പെട്ടതാണ് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങാതിരിക്കാനുള്ള മൂലകാരണം. ഗോവണി നിര്‍മാണത്തിലെ സാങ്കേതിക ന്യൂനത കാരണം ഗ്രാമപഞ്ചായത്ത് ഇതുവരെ കെട്ടിടത്തിന് നമ്പര്‍ നല്‍കിയിട്ടില്ല. നമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. വൈദ്യുതി ലഭിക്കുന്നതിനായി ഒന്നര വര്‍ഷം മുമ്പ് കേരള ഫീഡ്സ് കെ.എസ്.ഇ.ബിക്ക് 2.12 കോടി രൂപ അടക്കുകയും കെ.എസ്.ഇ.ബി പാവങ്ങാട് മുതല്‍ കോരപ്പുഴ വരെ ഹൈടെന്‍ഷന്‍ കേബ്ള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. വൈദ്യുതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലത്തെിയപ്പോഴാണ് കെട്ടിട നമ്പര്‍ ലഭിക്കാത്തത് കെ.എസ്.ഇ.ബിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 36 മീറ്റര്‍ ഉയരമുള്ള കെട്ടിടത്തിലെ ഫയര്‍ സ്റ്റെയര്‍കെയ്സ് നിര്‍മാണത്തിലാണ് പടികള്‍ക്കിടയിലുള്ള ഉയരത്തില്‍ രണ്ട് സെന്‍റീമീറ്ററിന്‍െറ വ്യത്യാസം സംഭവിച്ചത്. 19 സെന്‍റീ മീറ്റര്‍ മാത്രം വ്യത്യാസം പാടുള്ളിടത്ത് 21 സെ.മീറ്റര്‍ വ്യത്യാസം വന്നു. പഞ്ചായത്തിന്‍െറ ചുമതലയുള്ള പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ ടൗണ്‍ പ്ളാനിങ് ഓഫിസര്‍ക്ക് അയച്ചു. ഈ ഉദ്യോഗസ്ഥര്‍ക്കൊന്നും അനുമതി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കെട്ടിട നമ്പര്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടായത്. പഞ്ചായത്ത് വകുപ്പില്‍നിന്നും പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അശോകന്‍ കോട്ട് പറഞ്ഞു. അതിനായി കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീലിന് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. 55 കോടിയോളം രൂപ ചെലവഴിച്ചാണ് ഫാക്ടറി നിര്‍മിച്ചത്. പ്രവര്‍ത്തനം തുടങ്ങാത്തതുമൂലം ഗ്രാമപഞ്ചായത്തിന് കെട്ടിട നികുതി ഇനത്തിലും തൊഴില്‍ നികുതി ഇനത്തിലും ലക്ഷങ്ങള്‍ നഷ്ടമാകുന്നു. പൊതുമേഖലാ സ്ഥാപനമായിട്ടും പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിലപാട് സ്വീകരിക്കേണ്ടിവന്നതിന് പിന്നില്‍ പഞ്ചായത്ത് ഓഫിസില്‍ ലഭിച്ച വിവരാവകാശ പ്രകാരമുള്ള അപേക്ഷയാണെന്ന് പറയപ്പെടുന്നു. കെട്ടിട നിര്‍മാണത്തിന്‍െറ പ്രധാന കരാര്‍ നേടിയ ചെന്നൈ ആസ്ഥാനമായ കമ്പനിയും ഉപകരാര്‍ നേടിയ മധ്യകേരളത്തിലെ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളാണ് ഇത്തരമൊരു വിവരാവകാശ അപേക്ഷ വന്നതിന് പിറകിലെന്നാണ് സൂചന. ഏണിപ്പടികളുടെ നിര്‍മാണത്തില്‍ വന്ന നേരിയ അപാകത ശ്രദ്ധയില്‍പ്പെട്ട ഒരു കൂട്ടരുമായി ബന്ധപ്പെട്ട വ്യക്തി വിവരാവകാശ അപേക്ഷയുമായി വന്നതോടെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാനും അപേക്ഷ നിരസിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.