കാലിക്കറ്റ് ടൈല്‍സിലെ ബോണസ് സമരം ഒത്തുതീര്‍ന്നു

ഫറോക്ക്: മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ ചെറുവണ്ണൂരിലെ കാലിക്കറ്റ് ടൈല്‍ ഓട്ടുകമ്പനിയിലെ തൊഴിലാളികളുടെ ബോണസ് സമരം ഒത്തുതീര്‍ന്നു. ബുധനാഴ്ച ഉച്ചക്ക് കലക്ടറേറ്റിലെ റീജനല്‍ ലേബര്‍ ഓഫിസര്‍ ശ്രീലാലിന്‍െറ മുമ്പാകെ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. തൊഴിലാളികള്‍ക്ക് 13.5 ശതമാനം ബോണസ് നല്‍കാന്‍ മാനേജ്മെന്‍റ് ചര്‍ച്ചയില്‍ ധാരണയിലത്തെിയതോടെയാണ് തൊഴിലാളികളും യൂനിയന്‍ നേതാക്കളും സമരത്തില്‍നിന്നും പിന്മാറിയത്. മാസങ്ങളായി അടഞ്ഞുകിടക്കുന്ന കാലിക്കറ്റ് ടൈല്‍ കമ്പനി ഈ മാസം 19ന് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. അടച്ചുപൂട്ടിയ കമ്പനിയിലെ സമരം ബുധനാഴ്ച 114 ദിവസം പിന്നിട്ട അവസരത്തിലാണ് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കി സമരം ഒത്തുതീര്‍പ്പായത്. വിഷു ബോണസ് തര്‍ക്കവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ കമ്പനിയുടമകളെ ഘരാവോ ചെയ്തെന്നാരോപിച്ച് ചെറുവണ്ണൂരിലെ കാലിക്കറ്റ് ടൈല്‍ കമ്പനി കഴിഞ്ഞ ഏപ്രില്‍ 26നാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. റീജനല്‍ ലേബര്‍ കമീഷണറുടെ മുമ്പാകെ കഴിഞ്ഞതവണ അവസാനമായി നടന്ന ചര്‍ച്ചയില്‍ വര്‍ക്ക് ലോഡ് കൗണ്ടര്‍ സംബന്ധിച്ച മുന്‍ നിശ്ചയിച്ചവര്‍ക്ക് ലോഡ് വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം കമ്പനി തുറന്നുപ്രവര്‍ത്തിക്കാമെന്ന് ഉടമകള്‍ പറഞ്ഞു. എന്നാല്‍, കമ്പനി തുറന്നശേഷം മാത്രമേ ചര്‍ച്ചകള്‍ക്കു പ്രസക്തിയുള്ളൂവെന്നും കമ്പനി നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് ഉടമകള്‍ കമ്പനി അടച്ചുപൂട്ടിയതെന്നും അതിനാല്‍ കമ്പനി തുറന്നശേഷം സമയബന്ധിതമായി ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കാണാമെന്നുമുള്ള നിലപാടിലായിരുന്നു യൂനിയന്‍ പ്രതിനിധികള്‍. കഴിഞ്ഞമാസം കമ്പനി ഉടമയെയും ഓഫിസ് ജീവനക്കാരെയും ഓഫിസിനുള്ളില്‍ മണിക്കൂറുകളോളം തൊഴിലാളികള്‍ തടഞ്ഞുവെച്ചിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ കമ്പനി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയതായി കാണിച്ച് ഉടമ നോട്ടീസ് പതിക്കുകയായിരുന്നു. ബുധനാഴ്ച്ച നടന്ന ചര്‍ച്ചയില്‍ റീജനല്‍ ലേബര്‍ കമീഷണര്‍ കെ.എം. സുനില്‍കുമാറിന് പുറമെ കാലിക്കറ്റ് ടൈല്‍ കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് സല്‍മാന്‍, എം.എ. നാസര്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ വി. സുബ്രമണ്യന്‍ നായര്‍, പ്രവീണ്‍ കുമാര്‍, അഹമ്മദ് കുട്ടി, നാരങ്ങയില്‍ ശശിധരന്‍, ടി. രാമേന്ദ്രന്‍, ഒ. ഭക്തവത്സന്‍, ഇളയേടത്ത് ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.