നിര്‍ത്തിയിട്ട ബസ് പിന്നിലേക്ക് ഓടിക്കയറി; വിദ്യാര്‍ഥിക്ക് പരിക്ക്

മുക്കം: മുക്കം ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് പിന്നിലേക്ക് ഓടിക്കയറി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. അപ്രതീക്ഷിതമായി പിറകിലേക്ക് നീങ്ങുന്നതിനിടെ ബസിലെ കമ്പിതട്ടി ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി അര്‍ജുനാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവേഴ്സ് ഗിയറില്‍ ഇട്ടശേഷം താക്കോല്‍ ഊരാതെ ഡ്രൈവര്‍ പുറത്തുപോയ സമയത്താണ് ബസ് പിന്നിലേക്ക് പാഞ്ഞത്. സ്റ്റാന്‍ഡില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് സ്ളാബ് തകര്‍ത്ത് നീങ്ങിയ ബസ് പിറകിലെ ഫാന്‍സി കടയിലിടിച്ചാണ് നിന്നത്. രാവിലെ 7.30നാണ് സംഭവം. ഈസമയം സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വന്‍ അപകടമൊഴിവായി. എന്നാല്‍, ബസ് മറ്റൊരാള്‍വന്ന് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതനുസരിച്ച് ഒരാളെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ മിക്കതും ആളുകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് റിവേഴ്സ് ചെയ്താണ് നിര്‍ത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ പുറപ്പെടേണ്ടതിനാല്‍ താക്കോല്‍ ഊരാതെയും റിവേഴ്സ് ഗിയര്‍ മാറ്റാതെയുമാണ് ഡ്രൈവര്‍മാര്‍ പുറത്തേക്ക് പോകുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് മുക്കത്ത് ഇതുപോലെ ബസ് പിറകിലേക്ക് പാഞ്ഞുകയറി സ്റ്റാന്‍ഡിലെ തൂണിനും ബസിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്ന് വിദ്യാര്‍ഥി മരിച്ചിരുന്നു. ബസുകളുടെ മുന്‍വശം യാത്രക്കാര്‍ക്ക് അഭിമുഖമായവിധം പാര്‍ക്ക് ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.