വടകരയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

വടകര: താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിവിധ സ്ഥലങ്ങളില്‍ ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റതും ഈ കേസുകളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പ്രൈവറ്റ് ബസ് വര്‍ക്കേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി പണിമുടക്കാന്‍ തീരുമാനമെടുത്തത്. ഓര്‍ക്കാട്ടേരിക്കടുത്തുള്ള ബസ് സ്റ്റോപ്പില്‍വെച്ച് കാറിലത്തെിയവര്‍ ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മൂന്നു ദിവസം തൊട്ടില്‍പാലം റൂട്ടില്‍ ബസ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. തൊട്ടു പിന്നാലെ തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരും ആക്രമിക്കപ്പെട്ടു. ഇതിനത്തെുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ റൂട്ടിലും സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സംഭവത്തില്‍ ബസ് ജീവനക്കാരുടെയും പരിക്കുപറ്റിയവരെ ആശുപത്രിയിലത്തെിച്ചവരുടെയും പേരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നാദാപുരം പൊലീസ് ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുക, ബസ് ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പണിമുടക്ക് നോട്ടീസ് നല്‍കി എട്ടുദിവസം കഴിഞ്ഞിട്ടും അധികൃതര്‍ പ്രശ്നം പരിഹരിക്കാന്‍ തയാറാകാത്തതില്‍ തൊഴിലാളി സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അടിക്കടിയുള്ള സ്വകാര്യ ബസ് പണിമുടക്കുകള്‍ പ്രദേശത്തെ ജനജീവിതം താറുമാറാക്കുകയാണ്. പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇംപ്രൂവ്മെന്‍റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നാളെ മുതല്‍ വീണ്ടും സമരം തുടങ്ങുന്നത്. നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിലുള്ളവരാണ് ദുരിതം പേറുക. അഴിയൂര്‍, ഒഞ്ചിയം, ചോറോട് ഭാഗങ്ങളിലുള്ളവര്‍ക്ക് തലശ്ശേരിയില്‍നിന്നും ദേശീയപാതവഴിയുള്ള ബസുകളെ ആശ്രയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.