കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ ജലവിതരണം ആരംഭിക്കാത്തതിനെതിരെ ജില്ലാ പഞ്ചായത്ത് ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരത്തിന്. കോടികള്‍ മുടക്കി ആവിഷ്കരിച്ച പദ്ധതിയാണ് വര്‍ഷങ്ങളായിട്ടും ലക്ഷ്യത്തിലത്തൊത്തത്. നിര്‍ദിഷ്ട സയമപരിധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും പണമടച്ച് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളം ലഭിച്ചുതുടങ്ങിയിട്ടില്ല. പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടായില്ളെങ്കില്‍ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം നടത്തുമെന്ന് പ്രസിഡന്‍റ് ബാബു പറശ്ശേരി അറിയിച്ചു. കരാറുകാരുടെ അനാസ്ഥ കാരണം 40 ശതമാനം പ്രവൃത്തിയാണ് പൂര്‍ത്തിയായതെന്നും ഇനി പുതിയ കരാറുകാരെ ഏല്‍പിക്കേണ്ട അവസ്ഥയാണെന്നും അധികൃതര്‍ പറയുന്നു. 2013 ജൂലൈയിലായിരുന്നു പദ്ധതി പൂര്‍ത്തിയാകേണ്ടിയിരുന്നതെങ്കിലും 2015 ഫെബ്രുവരിയിലാണ് ഉദ്ഘാടനം ചെയ്തത്. 12.08 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് പെരുവണ്ണാമൂഴിയില്‍നിന്ന് പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോഴിക്കോട് കോര്‍പറേഷനിലെയും ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കാണ് പദ്ധതിയില്‍നിന്ന് വെള്ളം ലഭിക്കേണ്ടത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് 10 മാസം പിന്നിടുമ്പോഴും കോര്‍പറേഷന്‍ പരിധിയില്‍പോലും കുടിവെള്ള വിതരണം പൂര്‍ത്തിയായിട്ടില്ല. 17 ജലസംഭരണികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇവയിലേക്കുള്ള കണക്ഷന്‍ പൈപ്പുകളുടെ പ്രവൃത്തി നടന്നിട്ടില്ല. 2010ല്‍ പണി തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. പണി തീരാത്തതിനാല്‍ പിന്നീട് ആറു മാസം കരാര്‍ നീട്ടുകയായിരുന്നു. 2015 ജൂലൈ ആയിരുന്നു അവസാന കാലാവധി. ഇതും പിന്നിട്ടതോടെ കണ്‍സല്‍ട്ടന്‍സി കമ്പനിയായ ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി പ്രവര്‍ത്തനം നിലച്ചനിലയിലാണ്. ഇപ്പോഴത്തെ കമ്പനിയെ മാറ്റി പുതിയ കരാര്‍ നല്‍കണമെന്ന് ഏജന്‍സി സര്‍ക്കാറിന് പ്രപ്പോസല്‍ നല്‍കിയെങ്കിലും കരാര്‍ കമ്പനി സമയം നീട്ടിച്ചോദിക്കുകയായിരുന്നു. പുതിയ കമ്പനിയെ നിയമിക്കുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ അടക്കം പുതുതായി നടത്തേണ്ടിവരും. പുതിയ എസ്റ്റിമേറ്റ് തുകയില്‍ വന്‍ വര്‍ധന വരും. ഇത് സര്‍ക്കാറിന് അധികബാധ്യതയുണ്ടാക്കും. ഈ സാഹചര്യത്തില്‍ ജപ്പാന്‍ കമ്പനിയുടെ കണ്‍സല്‍ട്ടന്‍സി നിര്‍ത്തലാക്കി. പദ്ധതിക്ക് വാട്ടര്‍ അതോറിറ്റി നേരിട്ട് നേതൃത്വം നല്‍കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.