നാദാപുരം മേഖലയിലെ സ്വകാര്യ ബസുകളില്‍ പോക്കറ്റടിയും പിടിച്ചുപറിയും; യാത്രക്കാര്‍ ഭീതിയില്‍

നാദാപുരം: മേഖലയിലെ സ്വകാര്യ ബസുകളില്‍ പോക്കറ്റടിയും പിടിച്ചുപറിയും നിത്യ സംഭവമായതോടെ യാത്രക്കാര്‍ ഭീതിയില്‍. വടകര തൊട്ടില്‍പ്പാലം, വിലങ്ങാട്, വളയം, പാറക്കടവ് റൂട്ടുകളിലെ ബസുകളിലാണ് മോഷ്ടാക്കള്‍ വിലസുന്നത്. ഒരാഴ്ചക്കിടെ പത്തോളം വിലകൂടിയ സ്മാര്‍ട് ഫോണുകളും, സ്വര്‍ണാഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. പണവും ഫോണുകളും നഷ്ടപ്പെട്ടവരിലേറെയും സ്ത്രീകളാണ്. തിങ്കളാഴ്ച രാവിലെ വളയത്ത് നിന്ന് കോഴിക്കോട് റൂട്ടിലോടുന്ന ഉഷസ് ബസില്‍ നിന്ന് യുവതിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട് ഫോണും ആയിരത്തോളം രൂപയും മോഷണം പോയി. തൊട്ട് പിറകെ കസ്തൂരികുളം പെട്രോള്‍ പമ്പ് പരിസരത്ത് നിന്ന് വടകരയിലേക്ക് ബസില്‍ കയറിയ സ്ത്രീയുടെ ബാഗില്‍ നിന്ന് സ്മാര്‍ട് ഫോണ്‍ മോഷണം പോയി. യുവതി നാദാപുരം സ്റ്റാന്‍ഡിലിറങ്ങിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. കഴിഞ്ഞ ദിവസം നാദാപുരത്ത് നിന്ന് വടകരയിലേക്ക് ബസ് കയറിയ യുവതിയോടൊപ്പമുളള കുഞ്ഞിന്‍െറ രണ്ട് പവന്‍ വരുന്ന സ്വര്‍ണാഭരണവും നഷ്ടമായി. കഴിഞ്ഞയാഴ്ച വാണിമേല്‍ കരുകുളത്ത് നിന്ന് ബസില്‍ കയറിയ യുവതിയില്‍ നിന്ന് പണവും മൊബൈലും നഷ്ടമായിരുന്നു. പിന്നിട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ റോഡരികില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തിരിച്ച് കിട്ടി. മേഖലയില്‍ ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം സജീവമായിട്ടുണ്ടെന്നാണ് സൂചന. ബസ് യാത്ര സ്ത്രീകളടക്കമുളളവര്‍ക്ക് പേടിസ്വപ്നമാവുകയാണ്. പൊലീസ് മോഷ്ടാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.