മുക്കം: ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും തുടങ്ങി പകര്‍ച്ചവ്യാധികള്‍ ഏറെക്കാലം ദുരിതംതീര്‍ത്ത മുക്കം മേഖലയില്‍ വീണ്ടും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സാമൂഹികാരോഗ്യ വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ മുക്കത്ത് കോഴിക്കോട് ജില്ലാ അഡീഷനല്‍ ഡി.എം.ഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം അറിയിച്ചത്. മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, റബര്‍തോട്ടങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള എല്ലാ സാഹചര്യവും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ടെന്ന് സംഘം കണ്ടത്തെി. ഇത് കണക്കിലെടുത്ത് ജനങ്ങളും വ്യാപാരികളും തോട്ടം ഉടമകളും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി. മുക്കത്തെ ചില ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പൊതുജനാരോഗ്യകരമായ രീതിയില്‍ ശുചീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടണ്ട്. മാലിന്യം പെരുകുന്നത് തടയാന്‍ ഓരോരുത്തരും മാലിന്യസംസ്കരണ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും എ.ഡി.എം.ഒ ഓര്‍മിപ്പിച്ചു. മുക്കം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ആലിക്കുട്ടി, എ.എല്‍.ഒ ദിലീപ്, എച്ച്.എസ് കെ.പി. അബ്ദുല്ല, എച്ച്.ഐ കെ.കെ. നാസര്‍, ജെ.എച്ച്.ഐമാരായ ഗോപകുമാര്‍, സിന്ധു, ഷൈലേന്ദര്‍ തുടങ്ങിയവരും പരിശോധയില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ മലയോര മേഖലയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായിരുന്നു. നൂറുകണക്കിനാളുകളാണ് പനി പിടിപെട്ട് ദുരിതമനുഭവിച്ചത്. മുക്കം ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ഏറെ പടര്‍ന്നുപിടിച്ചത്. മുക്കം, നീലേശ്വരം, കാടംകുനി, മുത്താലം, ചേന്ദമംഗലൂര്‍, പന്നിക്കോട് എന്നിവിടങ്ങളില്‍ നിരവധി പേരാണ് ഡെങ്കിപ്പനി മൂലം ദുരിതമനുഭവിച്ചത്. ഇവിടങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും നടത്തിയാണ് പനി പ്രതിരോധിക്കാനായത്. ചേന്ദമംഗലൂര്‍ ഭാഗങ്ങളില്‍ ഇപ്പോഴും മഞ്ഞപ്പിത്തഭീതി നിലനില്‍ക്കുന്നുണ്ട്. നിരവധി പേരാണ് ഇപ്പോഴും പനി മൂലം സി.എച്ച്.സി ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്തെുന്നത്. മാലിന്യം മൂലം കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുന്നതാണ് മഞ്ഞപ്പിത്തം പടരാന്‍ മുഖ്യ കാരണം. സംസ്കരിക്കാതെ വിവിധ സ്ഥലങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യംകൊണ്ട് കൊതുക്, എലി തുടങ്ങി മറ്റു സാംക്രമികരോഗം പടര്‍ത്തുന്ന ജീവികളും പെരുകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.