കേരളോത്സവം വഴിപാടായതായി ആക്ഷേപം

കക്കോടി: യുവജനക്ഷേമ ബോര്‍ഡിന്‍െറ കീഴില്‍ നടത്തിയ ബ്ളോക് കേരളോത്സവം വഴിപാടായതായി ആക്ഷേപം. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടത്തിയ മത്സരങ്ങളാണ് വേണ്ടത്ര പ്രാതിനിധ്യം പോലുമില്ലാതെ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ കാരണം പറഞ്ഞ് പഞ്ചായത്തുതല മത്സരങ്ങളില്ലാതെ ആദ്യമായി നേരിട്ട് ബ്ളോക്തല മത്സരം നടത്തിയത് ഗുരുതരമായ വീഴ്ചയായിരുന്നു. ദീര്‍ഘവീക്ഷണത്തോടുകൂടി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കേരളോത്സവം നടത്തേണ്ടത്. സ്ഥിരം സമിതി ചെയര്‍മാന്മാര്‍ക്കാണ് ഇത്തരം പരിപാടികള്‍ നടത്താനുള്ള ചുമതല. ഭരണസമിതി നിലവില്‍ വന്ന് അഞ്ചു ദിവസം പൂര്‍ത്തിയാക്കി ഏഴു ദിവസത്തിനകം പ്രസിഡന്‍റിനെയും സ്ഥിരം സമിതി ചെയര്‍മാന്മാരെയും തെരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥയെന്നിരിക്കെ ഇത് നിലവില്‍ വരാഞ്ഞതാണ് കേരളോത്സവം കുത്തഴിയാന്‍ കാരണം. കൂടാതെ, കിലയുടെ നേതൃ ത്വത്തില്‍ അംഗങ്ങള്‍ക്കുള്ള പരിശീലനവും ഇക്കാലയളവിലായതോടെ പഞ്ചായത്തുതല മത്സരങ്ങള്‍ നടത്താന്‍ സമയവും നേതൃത്വവുമില്ലാതായി. ഇതോടെ നേരിട്ട് ബ്ളോക്തല മത്സരങ്ങള്‍ നടത്തുകയായിരുന്നു. ഇക്കാരണത്താല്‍ ബ്ളോക്തല മത്സരത്തില്‍ ചില കായിക മത്സരങ്ങള്‍ക്ക് ഏറെ എന്‍ട്രികള്‍ ഉണ്ടാവുകയും മത്സരം നടത്താന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. പ്രവൃത്തിദിവസവും പരീക്ഷാസമയവും ആയതിനാല്‍ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങളില്‍ പ്രാതിനിധ്യം പേരിനു മാത്രമായി. മത്സരം നടത്താനാവശ്യമായ മിനിമം മത്സരാര്‍ഥികളെ പലപ്പോഴും തട്ടിക്കൂട്ടുകയായിരുന്നു. പല മത്സരാര്‍ഥികളും നേരിട്ട് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവസ്ഥയും ഉണ്ടായതായി ആക്ഷേപവുമുയര്‍ന്നു. ഈ വര്‍ഷത്തെ കേരളോത്സവം പ്രഹസനമാക്കിയതില്‍ പരക്കെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച ഏറെ വൈകി സമാപിച്ച ബ്ളോക്തല മത്സരത്തിലെ വിജയികളുടെ ലിസ്റ്റ് ബുധനാഴ്ച തന്നെ തയാറാക്കി വ്യാഴാഴ്ച തുടങ്ങുന്ന ജില്ലാതല മത്സരത്തിന് എത്തിക്കാനുള്ള പെടാപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, നരിക്കുനി എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചേളന്നൂര്‍ ബ്ളോക്തല മത്സരം യുവജനക്ഷേമ ബോര്‍ഡിന്‍െറ അനാസ്ഥക്ക് മികച്ച ഉദാഹരണമാണ്. കോഴിക്കോട് ജില്ലാ കേരളോത്സവം വ്യാഴാഴ്ച ഒളവണ്ണയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT