വാതിലില്ലാത്ത ബസുകള്‍: നടപടിയെടുക്കാന്‍ കഴിയാതെ അധികൃതര്‍

കോഴിക്കോട്: വാതിലില്ലാത്ത ബസുകളില്‍നിന്ന് വീണ് അപകടം തുടര്‍ക്കഥയാവുമ്പോഴും നടപടിയെടുക്കാന്‍ കഴിയാതെ അധികൃതര്‍. സിറ്റി ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാണെന്ന് നിയമമില്ലാത്തതാണ് കാരണം. അടുത്തടുത്ത് സ്റ്റോപ്പുള്ള നഗരത്തില്‍ ബസുകള്‍ക്കിടയിലെ സമയക്കുറവും വാതില്‍ തട്ടി അപകടം പറ്റാനുള്ള സാധ്യതയുമാണ് വാതില്‍ നിര്‍ബന്ധമാക്കാതിരിക്കാന്‍ കാരണം. അതേസമയം, അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതു സംബന്ധിച്ച ആശങ്ക വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് അവസാനമായി നഗരത്തില്‍ ഇത്തരത്തിലുള്ള അപകടം ഉണ്ടായത്. കോഴിക്കോട്-പെരുമണ്ണ-വെള്ളായിക്കോട് റൂട്ടിലോടുന്ന ബസിന്‍െറ പിറകിലെ വാതിലിലൂടെ വീണാണ് ഗോവിന്ദപുരം മാമ്പറ്റ വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ റിസ്വാനും (3) അമ്മാവന്‍ ഹര്‍ഷാദിനും(17) പരിക്കേറ്റത്. റിസ്വാന്‍േറത് ഗുരുതര പരിക്കായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ചാലപ്പുറത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ ബസില്‍നിന്ന് തെറിച്ചു വീണിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടര്‍ന്ന് സിറ്റി ബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കുന്നത് ആലോചിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ചട്ടം ഭേദഗതി ചെയ്യണമെന്ന് ഗതാഗതവകുപ്പ് സര്‍ക്കാറിന് പദ്ധതിരേഖ സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. അതേസമയം, റോഡുകളുടെ കൂടി ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ബസ് ഉടമകള്‍ പറയുന്നു. ബസ് ജീവനക്കാരെ കിട്ടാത്തതാണ് പിന്നിലെ വാതില്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നടുവില്‍ വീതിയുള്ള ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് കമീഷണര്‍ക്കും മന്ത്രിക്കും നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയായിട്ടില്ല. ഇക്കാര്യത്തില്‍ നടപടിയായാല്‍ അംഗീകരിച്ച് നടപ്പാക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണനും ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.കെ. സുരേഷ്ബാബുവും ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.