നടുവണ്ണൂര്‍: മണ്‍പാത്ര നിര്‍മാണ സൊസൈറ്റികള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍െറ പാതയില്‍. ഒരുകാലത്ത് ഗ്രാമങ്ങളില്‍ സജീവമായ മണ്‍പാത്ര നിര്‍മാണ സൊസൈറ്റികള്‍ പലവിധ കാരണങ്ങള്‍കൊണ്ട് തകര്‍ച്ചയുടെയും അവഗണനയുടെയും വക്കിലായിരുന്നു. 1964ല്‍ 57ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച അരിക്കുളം പഞ്ചായത്തിലെ നെട്ടേരി, ഊരള്ളൂരിലെ മണ്‍പാത്ര നിര്‍മാണ സൊസൈറ്റികളാണ് കാലക്രമേണ തകര്‍ന്നത്. അന്ന് മദ്രാസ് സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതായിരുന്നു ഇവ. 1970ല്‍ ഖാദി ബോര്‍ഡിന്‍െറ സഹായത്തോടെ 14 സെന്‍റ് സ്ഥലത്ത് വിശാലമായ പണിപ്പുരയും ചൂളയും നിര്‍മിച്ചു. അംഗങ്ങളുടെ ശ്രമഫലമായി ഊരള്ളൂര്‍ മലോല്‍ ഭാഗത്തും നാലു സെന്‍റ് ഭൂമിയില്‍ പുതിയ പണിപ്പുര നിര്‍മിച്ചു. അങ്ങനെ അക്കാലത്ത് മണ്‍പാത്ര നിര്‍മാണം ഏറെ സജീവവും കുടുംബങ്ങള്‍ക്ക് ആദായകരവുമായി. 1979കളില്‍ ഖാദി ബോര്‍ഡിന്‍െറ കീഴില്‍ ഈ സ്ഥാപനത്തിന് ഓട് നിര്‍മാണ ഫാക്ടറിക്കുള്ള അംഗീകാരവും ലഭിച്ചു. 1984ല്‍ ഓട് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തനവും തുടങ്ങി. ഇതോടെ മണ്‍പാത്ര തൊഴിലാളികളില്‍ കുറെ ആളുകള്‍ ഫാക്ടറിയിലേക്ക് പോയി. ഇതോടെ മണ്‍പാത്ര നിര്‍മാണ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന വേതനം തുച്ഛമായതിനാല്‍ ഓരോരുത്തരായി തൊഴില്‍ നിര്‍ത്തി. അങ്ങനെ മണ്‍പാത്ര സൊസൈറ്റിയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണവും സൊസൈറ്റിയും വിരലിലെണ്ണാവുന്നതായി മാറി. മണ്‍പാത്ര നിര്‍മാണത്തിനാവശ്യമായ കളിമണ്ണ്, വിറക്, മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കളിമണ്ണ് ശേഖരിക്കുന്നതിനുള്ള വിലക്കും ചൂളയിലുണ്ടാവുന്ന നഷ്ടവും ഈ തൊഴിലില്‍നിന്ന് ആളുകള്‍ പിറകോട്ട് പോകാന്‍ കാരണമായി. അടുക്കളയില്‍ അലൂമിനിയം, സ്റ്റീല്‍ പാത്രങ്ങളുടെ കടന്നുകയറ്റവും അവയോടുള്ള ഗ്രാമീണരുടെ പ്രിയവും മണ്‍പാത്രങ്ങളുടെ ഉപയോഗത്തില്‍ കുറവുവരുത്തി. ഇന്ന് പുതിയ കാലത്ത് വീണ്ടും മണ്‍പാത്ര ഉല്‍പന്നങ്ങള്‍ക്ക് പ്രിയവും ആവശ്യക്കാരും ഏറുന്നു. ഇതിന്‍െറ പശ്ചാത്തലത്തില്‍ മണ്‍പാത്രങ്ങളുടെ വിപണന കേന്ദ്രങ്ങള്‍ ഗ്രാമങ്ങളില്‍ വീണ്ടും സജീവമാക്കാനാണ് സൊസൈറ്റികള്‍ തയാറെടുക്കുന്നത്. മണ്‍പാത്ര നിര്‍മാണ സൊസൈറ്റിയുടെ അവസ്ഥ ബോധ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അഞ്ചുലക്ഷം രൂപ എം.പി ഫണ്ടില്‍നിന്ന് അനുവദിച്ചിരിക്കുകയാണ്. കെ.എം.എസ്.എസിന്‍െറ പ്രവര്‍ത്തനഫലമായാണിത്. കൂടാതെ കഴിഞ്ഞ ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ മണ്‍പാത്ര നിര്‍മാണ വിപണന കോര്‍പറേഷന്‍, കളിമണ്ണ് എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 2011 മുതല്‍ പിന്നാക്ക ക്ഷേമ വകുപ്പ് മുഖാന്തരം മണ്‍പാത്ര തൊഴിലാളികള്‍ക്ക് 25,000 രൂപയുടെ ധനസഹായവും നല്‍കിവരുന്നു. ഈ വര്‍ഷം ഒരു കോടിയിലേറെ രൂപ ഈ മേഖലയില്‍ നീക്കിവെച്ചിട്ടുണ്ട്. ഇതോടെ സൊസൈറ്റികളും തൊഴിലാളികളും ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ്. ഊട്ടേരിയിലേയും ഊരള്ളൂരിലെയും തകര്‍ച്ച നേരിടുന്ന സൊസൈറ്റി പുനര്‍നിര്‍മിക്കാനും പുനരുജ്ജീവിപ്പിക്കാനും 15 അംഗ മണ്‍പാത്ര നിര്‍മാണ നവീകരണ സംഘത്തിന് രൂപംനല്‍കി. പി. രാഘവന്‍ പ്രസിഡന്‍റും എം. പ്രകാശന്‍ സെക്രട്ടറിയുമാണ്. എട്ടുലക്ഷം രൂപയുടെ സമഗ്ര പദ്ധതിയാണ് സംഘം ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.