വൈക്കം: രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിെൻറ 270ാമത് വാർഷികത്തിൽ വഞ്ചിപ്പാട്ടിന് തുടക്കമിട്ട വേമ്പനാട്ടുകായലിലൂടെ തോണിയിൽ വഞ്ചിപ്പാട്ട് പാടി മലയാളം ബിരുദ വിദ്യാർഥികളുെടയും അധ്യാപകരുടെയും യാത്ര. തലയോലപ്പറമ്പ് ഡി.ബി കോളജിലെ മലയാള വിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർവ വിദ്യാർഥികളുമടങ്ങിയ 30 അംഗ സംഘമാണ് വേമ്പനാട്ടുകായലോളങ്ങളുടെ സംഗീതത്തിനൊപ്പം വഞ്ചിപ്പാട്ടും പാടി വഞ്ചിയിൽ കുമരകത്തേക്ക് യാത്ര ചെയ്തത്. മലയാളം ബിരുദ വിദ്യാർഥികളുടെ പഠനത്തിെൻറ ഭാഗമായ വഞ്ചിപ്പാട്ട് അനുഭവവേദ്യമാക്കുകയെന്നതായിരുന്നു യാത്രയുടെ ഉദ്ദേശ്യമെന്ന് പ്രിൻസിപ്പൽ ഡോ. ആർ. അനിത, ഡോ. ലാലിമോൾ എന്നിവർ പറഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമയെ രാമപുരത്തു വാര്യർ കാണുകയും രാജാവിന് മുന്നിൽ ശ്ലോകം ചെല്ലുകയും ചെയ്തു. ശ്ലോകം ഇഷ്ടപ്പെട്ട മഹാരാജാവ് ക്ഷേത്ര ദർശനത്തിനുശേഷം വൈക്കത്തുനിന്ന് ജലമാർഗം തിരുവനന്തപുരത്തേക്ക് തിരിച്ചപ്പോൾ രാമപുരത്ത് വാര്യെരയും ഒപ്പംകൂട്ടി. തികച്ചും ദരിദ്രാവസ്ഥയിലായിരുന്ന രാമപുരത്തു വാര്യർ തന്നെ കുചേലനായും മഹാരാജാവിനെ ശ്രീകൃഷ്ണനായും സങ്കൽപിച്ച് യാത്രക്കിടയിൽ രചിച്ചതാണ് കുചേലവൃത്തം വഞ്ചിപ്പാട്ടെന്നാണ് കരുതപ്പെടുന്നത്. പ്രിൻസിപ്പൽ ഡോ. ആർ. അനിത, അധ്യാപകരായ ഡോ. ലാലിമോൾ, ഡോ. അംബിക എ. നായർ, ഡോ. രമ, പ്രഫ. ജി. രമ്യ പൂർവ വിദ്യാർഥികളായ വി.സി. സന്തോഷ്, സി.ഡി. ബിനു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.