കോട്ടയം: പ്രളയത്തിൽ വീടുകൾ തകർന്ന നിരവധി കുടുംബങ്ങൾ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവീടുകളിൽ. ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി കോളനി, പൂവം, അയ്മനം, ആർപ്പൂക്കര, വൈക്കം, കുമരകം മേഖലകളിലാണ് കുടുംബങ്ങൾ സ്വന്തംവീട്ടിലേക്ക് മടങ്ങാത്തത്. കുട്ടനാട് മേഖലയിൽനിന്ന് വെള്ളമിറങ്ങാത്തതാണ് പലരുടെയും പ്രശ്നം. ആവശ്യത്തിന് കുടിവെള്ളം കിട്ടാത്ത സാഹചര്യവുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ സ്കൂളുകൾ തുറന്നിട്ടില്ല. അയ്മനം പഞ്ചായത്തിലെ ഒന്നാംവാർഡിൽപെട്ട കരീമഠം ഗവ. വെൽഫെയർ യു.പി സ്കൂളിലെ 34 കുട്ടികളുടെ പഠനം പുനരാരംഭിച്ചിട്ടില്ല. ക്യാമ്പുകൾ പിരിച്ചുവിട്ടതോടെ രക്ഷിതാക്കൾക്കൊപ്പം ബന്ധുവീടുകളിലാണ് കുട്ടികളിൽ പലരും. കുമരകത്ത് പഠനം മുടങ്ങാതിരിക്കാൻ ആലപ്പുഴയിലെ ക്യാമ്പിൽ കഴിയുന്ന വിദ്യാർഥികളെ സ്കൂളിൽ എത്തിച്ചാണ് ക്ലാസ് ആരംഭിച്ചത്. ആർ ബ്ലോക്കിൽനിന്ന് കാഞ്ഞിരം എസ്.എൻ.ഡി.പി സ്കൂളിലെ 23കുട്ടികളെയാണ് ഇവിടെ താമസിപ്പിച്ച് പഠിപ്പിക്കുന്നത്. പ്രളയത്തിൽ ഒറ്റപ്പെട്ട വൈക്കം, വൈക്കപ്രയാർ, മുണ്ടാർ മേഖലകളിൽ നിരവധി കുടുംബങ്ങളാണ് വലയുന്നത്. കുട്ടികൾക്ക് സ്കൂളിലും മുതിർന്നവർക്ക് ജോലിക്കും പോകേണ്ടതിനാൽ പലരും സമീപവീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ചിലർ തകർന്ന വീടിനുസമീപം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി താമസിക്കുന്നു. തകർന്ന വീടുകൾ വാസയോഗ്യമാക്കാൻ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. പഞ്ചായത്ത്, വില്ലേജ് തലത്തിൽ നഷ്ട കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. പ്രദേശത്ത് കൂലിപ്പണിയും കൃഷിയും ചെയ്ത് ജീവിക്കുന്നവരാണ് ഏറെയും. വാസയോഗ്യമല്ലാത്ത വീടുകൾ പരിശോധിക്കാൻ അധികൃതർ വരുമെന്നുകരുതി ജോലിക്കുപോലും പോകാതെ കാത്തിരിക്കുന്നവരുമുണ്ട്. പ്രളയം: നാടൻ മുട്ടകൾക്ക് ക്ഷാമം കോട്ടയം: പ്രളയത്തിൽ താറാവും കോഴിയും ചത്തൊടുങ്ങിയതോടെ നാടൻ മുട്ടക്ഷാമം. മുട്ടയുടെ ലഭ്യത കുറഞ്ഞതോടെ ആന്ധ്ര, തമിഴ്നാട് ഫാമുകളിൽനിന്നുള്ള മുട്ടയാണ് നാട്ടിൽ വിൽക്കുന്നത്. മുട്ടവിലയിൽ ഒരുരൂപയോളം വർധനയുണ്ട്. കുട്ടനാട്ടിൽ 30,000 താറാവുകളും 5000കോഴികളും ചത്തൊടുങ്ങിയെന്നാണ് പ്രാഥമിക കണക്ക്. വെള്ളപ്പൊക്കത്തിനുശേഷം താറാവിന് തീറ്റയില്ലാത്തതും കർഷകരെ വലക്കുന്നു. തവിട് ഉൾപ്പെടെ തീറ്റ നനഞ്ഞതിനാൽ ഏറെകർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീടുകളിലും ഫാമുകളിലും സൂക്ഷിച്ച മുട്ടയും വെള്ളപ്പൊക്കത്തിൽ നഷ്ടമായി. താറാവ്, കോഴി എന്നിവക്ക് ഒരെണ്ണത്തിന് 50രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഒരുമാസം പ്രായമായ കോഴിക്കുഞ്ഞിനുള്ള വിലപോലും കോഴിക്കും താറാവിനും നിശ്ചയിച്ചിട്ടില്ല. മുൻവർഷങ്ങളിലെ വൈറസ് ബാധക്കുശേഷം താറാവുകൃഷി സജീവമായി വരുേമ്പാഴായിരുന്നു പ്രളയക്കെടുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.