തിരുവഞ്ചൂർ: ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ നാലുമണിക്കാറ്റിന് സമീപം അപകടങ്ങൾ പെരുകുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകളിൽ ഒന്നാണ് ഈ ബൈപാസ്. 2023 മുതൽ 2025 വരെ രണ്ടു വർഷത്തിനിടെ ബൈപാസ് റോഡിൽ നാലുമണിക്കാറ്റിന് സമീപം വിവിധ അപകടങ്ങളിലായി പത്തുപേർക്കാണ് ജീവൻ നഷ്ടമായത്.
ഒരാഴ്ചക്കിടെ അഞ്ച് അപകടങ്ങളാണ് പ്രദേശത്തുണ്ടായത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, മണർകാട് കത്തീഡ്രൽ പള്ളി ഉൾപ്പെടെ ആരാധനാലയങ്ങളിലേക്കും സമീപ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ അടക്കം നൂറിലധികം വാഹനങ്ങളാണ് മണിക്കുറിൽ ഇതുവഴി കടന്നുപോകുന്നത്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നായ നാലുമണിക്കാറ്റിന് സമീപം അപകടങ്ങൾ പെരുകുന്നത് വൻ ദുരന്തങ്ങളിലേക്ക് വഴിവെച്ചേക്കാമെന്നാണ് ആശങ്ക. കാൽനട യാത്രക്കാർക്കു പോലും സുരക്ഷയില്ലാത്ത സാഹചര്യമാണ്. കൃത്യമായ മുന്നറിയിപ്പ് ബോർഡുകളും വേഗ നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വേഗ നിയന്ത്രണ സംവിധാനങ്ങളില്ലാതെ അശാസ്ത്രീയമായി നിർമിച്ച റോഡിൽ അടിയന്തരമായി വേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കോൺഗ്രസ് തിരുവഞ്ചൂർ ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ല കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും പൊതുമാരമത്ത് വകുപ്പിനും റോഡ് സേഫ്റ്റി അതോറിറ്റിക്കും കൂട്ട പരാതി നൽകാനൊരുങ്ങുകയാണ്. കൃത്യമായ നടപടി ഉടൻ സ്വീകരിച്ചില്ലെങ്കൽ ശക്തമായ ജനകീയ സമരങ്ങളുണ്ടാകുമെന്ന് പാർട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.