ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകളും കമ്പ്യൂട്ടറുകളും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഒ.പി ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരില്ലാത്തത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആക്ഷേപം. രാവിലെ 7.30നാണ് ഒ.പി ചീട്ട് നൽകാൻ തുടങ്ങുന്നത്. ഒ.പി ടിക്കറ്റ് നൽകാൻ പ്രധാന കൗണ്ടറിൽ ആറും ജീവനക്കാർക്കും ഓൺലൈൻ ബുക്കിങ് ചെയ്യുന്നവർക്കുമായി ഒന്നുവീതം കൗണ്ടറും ഉൾപ്പടെ എട്ട് കൗണ്ടറാണുള്ളത്.
കൂടാതെ ഗൈനക്കോളജി, കാർഡിയോളജി, കാർഡിയോ തൊറാസിക് (ഹൃദയ ശസ്ത്രക്രിയ വിഭാഗം), അർബുദ വകുപ്പിലേക്കുള്ള ഒ.പി ചീട്ടുകൾ അതാത് വിഭാഗത്തിൽ നിന്നാണ് കൊടുക്കുന്നത്. ഈ നാലുവിഭാഗങ്ങൾ ഒഴികെ ബാക്കിയുള്ള ഭൂരിപക്ഷം വിഭാഗത്തിലെയും രോഗികൾക്ക് ഒ.പി ചീട്ട് നൽകുന്നത് പ്രധാന കൗണ്ടറിൽ നിന്നുമാണ്.
എന്നാൽ രാവിലെ 10 കഴിയുമ്പോൾ പ്രധാന കൗണ്ടറിലെ നാലുജീവനക്കാരെ ഒ.പി ചീട്ട് കൊടുക്കുന്ന ജോലിയിൽ നിന്ന് നീക്കി മറ്റ് ഡിപ്പാർട്ട്മെന്‍റിൽ ഡ്യൂട്ടി നൽകും.
ആറ് പേരുള്ള കൗണ്ടറിൽ നിന്ന് 10, 10.30, 11, 11.30 എന്നിങ്ങനെ നാലുസമയങ്ങളിലായി നാലുജീവനക്കാരെ ഒഴിവാക്കി അവരെ ലാബ്, അനസ്തേഷ്യ, സൈക്യാട്രി എന്നീ വിഭാഗങ്ങളിലേക്ക് പറഞ്ഞുവിടും. അതിനുശേഷം 10 വരെ മാത്രമേ സ്റ്റാഫ് കൗണ്ടറിൽ നിന്ന് ഒ.പി ടിക്കറ്റ് നൽകാൻ കഴിയൂ.
ഈ സമയത്തിനുശേഷം ജീവനക്കാരുടെ കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരി പ്രധാന കൗണ്ടറിലെത്തി അവിടെയുള്ള ഒരു ജീവനക്കാരിയുമായി ചേർന്ന് ഒ.പി ടിക്കറ്റ് നൽകണം. നാല് കൗണ്ടറുകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ തിരക്ക് വർധിക്കുന്നു. ഇതിനാൽ രോഗികളുടെ കൂടെയെത്തുന്നവർ ജീവനക്കാരികളോട് വഴക്കുണ്ടാക്കുന്നത് നിത്യസംഭവമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.