േകാട്ടയം: വെള്ളം ഇറങ്ങിയതോടെ പടിഞ്ഞാറൻ മേഖല എലിപ്പനി ഭീതിയിൽ. ജില്ലയിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർ രോഗല ക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സതേടുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സതേടിയ എറണാകുളം സ്വദേശിയായ മധ്യവയസ്കനും പാലായിൽ വീട്ടമ്മയുമാണ് മരിച്ചത്. എലിപ്പനി ബാധിച്ച് മറ്റ് ജില്ലയിൽനിന്ന് ചികിത്സതേടിയ വടക്കൻ പറവൂർ കുത്തിയതോട് തേലാതുരുത്ത് പുഞ്ചക്കൽ പി.കെ. ഉത്തമൻ (48), പാലാ വള്ളിച്ചിറ ചെറുകര മങ്കൊമ്പ് മാവേലിത്തയ്യിൽ ബനഡിക്ടിെൻറ (മോറിസ്) ഭാര്യ ഏലിയാമ്മയുമാണ് (സാലിയമ്മ -48) തിങ്കളാഴ്ച മരിച്ചത്. കളമശ്ശേരിയിൽനിന്ന് എലിപ്പനി ലക്ഷണങ്ങളോടെ എത്തിയ ഉത്തമനെ ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിലെ മെഡിസിൻ ക്രിട്ടിക്കൽ കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു അന്ത്യം. പാലായിലെ വീട്ടമ്മയെയും ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എലിപ്പനി റിപ്പോർട്ട് ചെയ്ത തുടക്കത്തിൽ കടനാട് റിട്ട. പഞ്ചായത്ത് സെക്രട്ടറി പ്രവർത്തുംമലയിൽ പി.വി. ജോർജ് (വക്കച്ചൻ -62), തലയോലപ്പറമ്പ് വഴിയമ്പലത്തിൽ എം.ആർ. ദിവാകരൻ (60) എന്നിവർ മരിച്ചിരുന്നു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം നാലായി. എന്നാൽ, ആേരാഗ്യവകുപ്പ് പുറത്തിറക്കിയ കണക്കിൽ ജില്ലയിൽ എലിപ്പനി മരണവും രോഗലക്ഷങ്ങളോടെ ചികിത്സ തേടിയവരുടെയും വിവരങ്ങളില്ല. അനൗദ്യോഗിക കണക്കനുസരിച്ച് അഞ്ചുപേർ മരിച്ചതായാണ് വിവരം. മെഡിക്കൽ കോളജിൽ മാത്രം മൂന്നുപേർ ഞായറാഴ്ചയും രണ്ടുപേർ തിങ്കളാഴ്ചയും മരിച്ചതായി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പറഞ്ഞു. എന്നാൽ, മരിച്ചയാളുടെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ തയാറായില്ല. അപ്പർകുട്ടനാട്ടിലും അയ്മനം, കുമരകം, ചീർപ്പുങ്കൽ, ആർപ്പൂക്കര, വെച്ചൂർ, തലയോലപ്പറമ്പ്, കല്ലറ, മറവൻതുരുത്ത്, വൈക്കം എന്നിവിടങ്ങളിലാണ് രോഗഭീതി ഏറെയുള്ളത്. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ പലതും വെള്ളക്കെട്ട് തുടരുന്നതാണ് രോഗഭീതി ഉയർത്തുന്നത്. വെള്ളത്തിെൻറ ഒഴുക്ക് കുറഞ്ഞു മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ എലിപ്പനി മരണം കൂടിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. പനിബാധിതരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച മാത്രം 474 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയത്. സ്വകാര്യആശുപത്രിയിലെ കണക്കുകൾ പരിശോധിച്ചാൽ ഇതിലും കൂടും. വാഴൂർ, ഇൗരാറ്റുപേട്ട എന്നിവിടങ്ങളിൽ ഒാരോരുത്തർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. മീനച്ചിൽ, ചിറക്കടവ്, നീണ്ടൂർ, മുണ്ടക്കയം, ഭരണങ്ങാനം എന്നിവിടങ്ങളിൽ ചിക്കൻപോക്സും പടരുന്നുണ്ട്. വെള്ളക്കെട്ടിലും നനവുള്ള സ്ഥലങ്ങളിലും ജീവിക്കേണ്ടി വന്ന പലർക്കും കാലിൽ വളംകടി മൂലമുണ്ടാകുന്ന മുറിവുണ്ടാകുന്നത് ആശങ്കയുർത്തുന്നു. ഇത് ശ്രദ്ധിക്കാതെ വെള്ളത്തിലിറങ്ങിയാൽ കാലിലെ ഈ മുറിവുവഴി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യതയേറെയാണ്. ആരംഭത്തിൽ ചികിത്സ തേടിയില്ലെങ്കിൽ രോഗലക്ഷണം കാണുമ്പോൾ തന്നെ ചികിത്സ തേടിയാൽ പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് എലിപ്പനി. ചികിത്സ തേടാതിരുന്നാൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണം സംഭവിച്ചിരുന്നു. പ്രതിരോധത്തിന് പ്രതിരോധ ഗുളികകൾ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും എട്ടു വയസ്സിൽ താഴെയുള്ള കുട്ടികളും ഒഴികെ ബാക്കിയെല്ലാവരും ആഴ്ചയിൽ ഒന്ന് 100 മില്ലിഗ്രാമിെൻറ രണ്ട് ഡോക്സിസൈക്ലിൻ ഗുളികകളാണ് കഴിക്കേണ്ടത്. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും അസിത്രോമൈസിൻ 500 മില്ലിഗ്രാം ഗുളിക കഴിക്കണം. എട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ അസിത്രോമൈസിൻ സിറപ്പ് അല്ലെങ്കിൽ ഗുളിക ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.