പമ്പ ബെയ്​ലി പാലങ്ങളുടെ നിർമാണം: ഹൈകോടതി കേന്ദ്ര നിലപാട്​ തേടി

കൊച്ചി: പ്രളയത്തിൽ തകർന്ന പമ്പയിലെ ബെയ്ലി പാലങ്ങൾ പുനർനിർമിക്കുന്ന കാര്യത്തിൽ ഹൈകോടതി കേന്ദ്രസർക്കാറി​െൻറ വിശദീകരണം തേടി. കക്കി ഡാം തുറന്നുവിട്ടതിനെത്തുടർന്ന് പമ്പയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് സർക്കാറിനോടും ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി. പ്രളയത്തെ തുടർന്ന് ശബരിമല, നിലക്കൽ, പമ്പ എന്നിവിടങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ച് കന്നിമാസ പൂജക്ക് മുെമ്പങ്കിലും തീർഥാടനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ശബരിമല സ്പെഷൽ കമീഷണർ എം. മനോജ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്, റവന്യൂ, പൊലീസ്, വനം വകുപ്പുകളെയും ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, കേരള വാട്ടർ അതോറിറ്റി തുടങ്ങിയവരെയും കക്ഷിചേർത്തു. പ്രളയത്തെ തുടർന്ന് പമ്പയുടെ ഭൂമിശാസ്ത്രംതന്നെ മാറിമറിഞ്ഞെന്നും പുഴ ഗതിമാറിയൊഴുകിയെന്നുമാണ് സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിലുള്ളത്. ഇപ്പോൾ പമ്പ-ശബരിമല യാത്ര സുരക്ഷിതമല്ല. സന്നിധാനത്തേക്ക് ആളുകൾക്ക് പോകാനും ചരക്ക് എത്തിക്കാനും നിലവിലെ അവസ്ഥയിൽ കഴിയില്ല. സന്നിധാനത്തെ വൈദ്യുതി ബന്ധം തകർന്നു. ഇവിടെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഡീസൽ ഏഴുമുതൽ പത്ത് ദിവസത്തേക്ക് മാത്രമേ കാണൂ. ബന്ധപ്പെട്ട വകുപ്പുകളും ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള ഉന്നതാധികാര സമിതിയും ഒരുമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാലേ അടുത്ത മാസ പൂജയോടെ സുരക്ഷിത തീർഥാടനം ഉറപ്പുവരുത്താനാകൂ. അടുത്ത നവംബർ 16ന് തുടങ്ങുന്ന മണ്ഡല - മകര വിളക്കിന് മുമ്പ് ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കണം. പമ്പയിൽ നിലവിലെ പാലങ്ങൾ ഉപയോഗിക്കാനാവുന്നില്ലെങ്കിൽ മൂന്ന് ബെയ്ലി പാലങ്ങൾ നിർമിക്കേണ്ടിവരും. തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് കാൽനടയായി സഞ്ചരിക്കാൻ രണ്ട് പാലത്തിന് പുറമെ ചരക്ക് ഗതാഗതത്തിന് ഒരു പാലവും വേണ്ടിവരും. ഇതിനായി സർക്കാർ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും ശബരിമല കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.