തൊടുപുഴ: തപാൽ മേഖലയിൽ ജോലി ചെയ്യുന്ന 60 ശതമാനം വരുന്ന ഗ്രാമീൺ ഡാക്സേവക് ജീവനക്കാർ ചൊവ്വാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് മൂന്നുദിവസം പിന്നിട്ടു. പ്രതിമാസം 5000 മുതൽ 10,000 രൂപവരെ മാത്രം ശമ്പളം ലഭിക്കുന്ന, പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്ത ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി വിനിയോഗിക്കപ്പെട്ട കമലേഷ് ചന്ദ്ര കമ്മിറ്റി കേന്ദ്ര സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ എന്നീ സംഘടനകളുടെ സംയുക്ത സമരസമിതി ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഇടുക്കി ജില്ലയിൽ മൂന്നുദിവസവും തപാൽ സംവിധാനം പൂർണമായി നിലച്ചു. തൊടുപുഴ, കട്ടപ്പന ഹെഡ് പോസ്റ്റ് ഒാഫിസുകൾ, തൊടുപുഴ പോസ്റ്റൽ സോർട്ടിങ് ഒാഫിസ്, മൂന്നാർ, പീരുമേട്, നെടുങ്കണ്ടം, അടിമാലി, കുമളി, വണ്ടിപ്പെരിയാർ, കല്ലാർകുട്ടി തുടങ്ങി എല്ല പ്രധാന പോസ്റ്റ് ഒാഫിസുകളും അടഞ്ഞുകിടക്കുകയാണ്. തൊടുപുഴ ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തിൽ എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ, ബെഫി ജില്ല സെക്രട്ടറി സനൽ, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ തുടങ്ങി നിരവധി രാഷ്ട്രീയ സംഘടന നേതാക്കളും സംസാരിച്ചു. റിപ്പോർട്ടിന്മേൽ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാകുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ ടി.ഡി. ജോസ്, എ.എൻ. രാമചന്ദ്രൻ, നിക്സൺ ജോൺ, ഡേവിസ് കെ. കുര്യാക്കോസ്, പി.പി. രാധാകൃഷ്ണൻ, ടി.ജെ. പീറ്റർ, എം.എസ്. വിഷ്ണു, ജോർജുകുട്ടി, ജി. ചുരുളിവേൽ, ജി. മനോഹരൻ, രാജേന്ദ്രൻ, കെ. മുരുകയ്യ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.