ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ വൈറസ് ബാധ സംശയിച്ച് മൂന്നുപേർ ചികിത്സ തേടിയെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച ആശുപത്രി സൂപ്രണ്ടിെൻറ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം ചേർന്ന് രോഗവിവരം ചർച്ച ചെയ്തു. മെഡിസിൻ, പകർച്ചവ്യാധി, ഹൃദ്രോഗവിഭാഗം, ന്യൂറോ മെസിസിൻ, ന്യൂറോ സർജറി തുടങ്ങി പ്രധാനപ്പെട്ട മുഴുവൻ വിഭാഗങ്ങളുടെയും മേധാവികളും മുതിർന്ന ഡോക്ടർമാരും യോഗത്തിൽ പങ്കെടുത്തു. കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ആർക്കെങ്കിലും രോഗബാധ ഉണ്ടായാൽ, ഇപ്പോൾ ചികിത്സക്ക് നൽകുന്ന റാബറി ഗുളികകൾ നൽകും. ഇത് കഴിച്ചാൽ വൃക്ക അടക്കം പല അവയവങ്ങൾക്കും ദോഷകരമാണെന്നതിനാൽ രോഗം കടുത്ത രീതിയിൽ ബാധിച്ചെങ്കിൽ മാത്രമേ തൽക്കാല ആശ്വാസമെന്ന നിലയിൽ ഈ ഗുളിക നൽകൂ. അതിനിടെ, കോട്ടയത്ത് ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി രാജൻ വർക്കി (57), കോട്ടയം പാത്താമുട്ടം സ്വദേശിനിയും കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് വിദ്യാർഥിനിയുമായ സ്റ്റെഫ് (19) എന്നിവരുടെ രക്തം, മൂത്രം, തൊണ്ടയിൽനിന്നെടുത്ത സ്രവം എന്നിവ മണിപ്പാലിലെ ലബോറട്ടറിയിലേക്ക് കൊണ്ടുപോയെന്ന് കോട്ടയം ഡി.എം.ഒ ഓഫിസ് അറിയിച്ചു. രാജൻ വർക്കി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കഴിഞ്ഞ രാത്രി കടുത്ത പനിയും ശ്വാസംമുട്ടലും അനുഭവിച്ചതിനാൽ മണിപ്പാലിൽനിന്നുള്ള പരിശോധനഫലം വെള്ളിയാഴ്ച ലഭിച്ചശേഷമേ പോകാൻ അനുവദിക്കൂയെന്ന് ഡോ. പ്രശാന്ത് കുമാർ അറിയിച്ചു. അതേസമയം, കോഴിക്കോട് സ്വദേശിയും കൂത്താട്ടുകുളം എൻജിനീയറിങ് കോളജ് വിദ്യാർഥിയുമായ നിഥിെന (21) നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ബന്ധുക്കളുടെ തീരുമാനം ഡോക്ടർമാർ അനുവദിച്ചില്ല. പകർച്ചവ്യാധി വാർഡിൽ (24 വാർഡ്) കഴിയുന്ന നിഥിനെ വെള്ളിയാഴ്ച ചില പരിശോധനകൾ കൂടി നടത്തിയിട്ട് കൊണ്ടുപോയാൽ മതിയെന്ന് ചികിത്സക്ക് നേതൃത്വം നൽകുന്ന വകുപ്പ് മേധാവി ഡോ. സജിത്കുമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. കോഴിക്കോട്ടുനിന്ന് പനി ബാധിച്ചു വന്നതിനാൽ പ്രത്യേക നിരീക്ഷണത്തിലാണ് നിഥിനെന്നും അതിനാലാണ് രക്തസാമ്പിൾ അടക്കമുള്ള വിവിധ സാമ്പിളുകൾ മണിപ്പാലിൽ പരിശോധനക്ക് അയക്കാതിരുന്നതെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.