മണ്ണങ്കര-പടിയറക്കടവ് പുത്തൻതോട് നവീകരണത്തിന് തുടക്കം കോട്ടയം: നദീപുനർസംയോജന പദ്ധതിയുടെ ഭാഗമായി മണ്ണങ്കര-പടിയറക്കടവ് പുത്തൻതോട് നവീകരിക്കുന്നു. ശുചീകരണയജ്ഞം ക്നാനായ യാക്കോബായ സഭ അധ്യക്ഷൻ ആർച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. രാജു ജോൺ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്‌സൻ ഡോ. ടി.എൻ. സീമ, മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി കോഓഡിനേറ്റർ കെ. അനിൽകുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രസിഡൻറ് ബി. ശശികമാർ, പി.പി. ജോയ്, അനിയൻകുഞ്ഞ് എന്നിവർ സംസാരിച്ചു. വാകത്താനം-പനച്ചിക്കാട് പ്രദേശങ്ങളെ വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ചിരുന്നതാണ് പുത്തൻതോട്. പിന്നീട് ഒഴുക്കുനിലച്ച് വിസ്മൃതിയിലേക്ക് നീങ്ങുകയായിരുന്നു. പടിയറക്കടവിൽ ആരംഭിച്ച് കുഴിമറ്റം, ചിങ്ങവനം പ്രദേശങ്ങളിലൂടെ കടന്ന് കോട്ടയം-ചങ്ങനാശ്ശേരി പരമ്പരാഗത ജലപാതയിൽ മണ്ണങ്കരയിൽ വന്നുചേരുന്ന തോടാണ് പുത്തൻതോട്. വേലിയേറ്റത്തിന് കായൽജലം ഇടനാട്ടിലെ പാടശേഖരങ്ങളിലെത്തിച്ചിരുന്നത് ഈ തോടായിരുന്നു. പതിറ്റാണ്ടുകളായി ഗതാഗത ആവശ്യത്തിനും ഈ തോടിനെ ആശ്രയിച്ചിരുന്നു. ഗാർഹിക ആവശ്യത്തിനും ജലസേചനത്തിനുമായി വേനൽക്കാലത്തുപോലും ജലസമൃദ്ധമായിരുന്ന പുത്തൻതോട് പിന്നീട് മഴക്കാലത്തും നീരൊഴുക്ക് നിലച്ച സ്ഥിതിയിലെത്തിയിരുന്നു. പുത്തൻതോടിനെ പഴയ പ്രതാപത്തിലെത്തിക്കാൻ മണ്ണങ്കര മുതൽ ഫാക്ട് കടവ് വരെയുള്ള ഭാഗത്തുള്ള തോടിെൻറ ആഴംകൂട്ടി നവീകരിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.