പീരുമേട്: ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്കരണത്തിന് ഇനി തുമ്പൂർമൂഴി മോഡൽ. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് തുമ്പൂർമൂഴി മോഡൽ മാലിന്യസംസ്കരണ പ്ലാൻറ് നിർമിക്കുന്നത്. പഞ്ചായത്തിലെ നാല് സ്ഥലങ്ങളിൽ ഇത്തരം മോഡൽ നിർമിക്കാൻ 20ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്. ആദ്യഘട്ടമായി 14ാം വാർഡ് തോട്ടാപ്പുര ഭാഗത്ത് സംസ്കരണ പ്ലാൻറിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു കമ്പോസ്റ്റ് ബിന്നിെൻറ നിർമാണത്തിന് ഏകദേശം 18,500 രൂപ വേണ്ടിവരും. ഇത്തരത്തിൽ രണ്ട് ബിന്നുകളടങ്ങിയതാണ് ഒരു യൂനിറ്റ്. പ്രവർത്തനരീതി ആദ്യം ബിന്നിനുള്ളിൽ ആറിഞ്ച് കനത്തിൽ ചാണകം നിറക്കണം. ബാക്ടീരിയൽ കൾച്ചറോ ബയോഗ്യാസ് പ്ലാൻറിൽനിന്നുള്ള സ്ലറിയോ ചാണകത്തിന് പകരം ഉപയോഗിക്കാം. ഇതിലെ സൂക്ഷ്മാണുക്കളാണ് കമ്പോസ്റ്റിങ് പ്രക്രിയ നടത്തുന്നത്. ചാണക അട്ടിക്ക് മുകളിലായി ആറിഞ്ച് കനത്തിൽ കരിയില/ചകിരി/ ഉണങ്ങിയ പുല്ല്/ കീറിയ കടലാസ് കഷണങ്ങൾ ഇവയിലേതെങ്കിലും ഇടണം. സൂക്ഷ്മാണുക്കൾക്ക് ഉൗർജം നൽകുന്ന കാർബൺ അവയിലടങ്ങിയിരിക്കുന്നു. ഇതിന് മുകളിൽ ആറിഞ്ച് കനത്തിൽ ജൈവമാലിന്യം ഇടുക. ഇതിനുപുറമെ ചാണക അട്ടി, കരിയില, മാലിന്യം ഈ പ്രക്രിയ ബിന്ന് നിറയുന്നതുവരെ തുടരുക. ഏകദേശം 90 ദിവസത്തിനുശേഷം ബിന്നിനുള്ളിലെ ഉൽപന്നം ഈർപ്പം കളഞ്ഞ് പാക്കറ്റിലാക്കി ജൈവവളമായി ഉപയോഗിക്കാവുന്നതാണ്. ബിന്നിൽനിന്ന് ദുർഗന്ധം, ഈറൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഓക്സിജെൻറ അഭാവമുണ്ടെന്ന് മനസ്സിലാക്കാം. അകത്ത് വായു കടത്തിവിടുന്നതിന് ഇളക്കിക്കൊടുക്കാം. പീരുമേട് ഗ്രാമപഞ്ചായത്ത് ഇത്തരത്തിൽ പത്ത് യൂനിറ്റാണ് ആദ്യഘട്ടമായി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ മുന്നൊരുക്കഭാഗമായി ഹരിത കർമസേനയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ബോധവത്കരണ പരിപാടി നടന്നുവരുന്നു. വീടുകളിൽ ഉറവിട മാലിന്യസംസ്കരണത്തിനാണ് മുൻതൂക്കം നൽകുന്നത്. ഇത് സാധ്യമാകാത്ത വ്യാപാര, പൊതുസ്ഥാപനങ്ങളിൽനിന്ന് തരംതിരിച്ച മാലിന്യം നിശ്ചിത ഫീസ് ഈടാക്കി പഞ്ചായത്ത് ശേഖരിക്കും. തുടർന്ന് ജൈവമാലിന്യം തുമ്പൂർമൂഴി മോഡലിൽ സംസ്കരിക്കും. ശുചിത്വമിഷൻ അനുവദിച്ച 13ലക്ഷം രൂപ ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിക്കും. പിന്നീടിവ ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിലേക്ക് റീസൈക്ലിങ്ങിന് അയക്കും. ആലപ്പുഴയിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന തുമ്പൂർമൂഴി മോഡൽ മാലിന്യസംസ്കരണ പദ്ധതി അധികൃതർ നേരിൽകണ്ട് ബോധ്യപ്പെട്ടശേഷമാണ് ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. പീരുമേട്-കുമളി റോഡിൽ മത്തായിക്കൊക്ക ഭാഗത്ത് മാലിന്യം തള്ളുന്നതിനെതിരെ മനുഷ്യാവകാശ കമീഷെൻറവരെ ഇടപെടൽ ഉണ്ടായിരുന്നു. തുമ്പൂർമൂഴി മോഡൽ നടപ്പാകുന്നതോടെ പഞ്ചായത്തിലെ മാലിന്യസംസ്കരണത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രസിഡൻറ് ടി.എസ്. സുലേഖ പറഞ്ഞു. അപേക്ഷ ക്ഷണിച്ചു തൊടുപുഴ: നഗരസഭ പരിധിയിൽ താമസിക്കുന്ന സ്വന്തമായി ഭൂമിയില്ലാത്തവരും പാരമ്പര്യസ്വത്തായി ഭൂമി ലഭിക്കുന്നതിന് സാധ്യതയില്ലാത്തവരുമായ പട്ടികജാതി വിഭാഗത്തിെപട്ടവരിൽനിന്ന് ഭൂരഹിത പുനരധിവാസ പദ്ധതിയിലേക്കും പട്ടികജാതി വിഭാഗത്തിെപട്ട സ്വന്തമായി വീടുള്ളവരിൽനിന്ന് ഭവനപുനരുദ്ധാരണം, അഡീഷനൽ റൂം, പഠനമുറി എന്നിവക്ക് ധനസഹായം ലഭിക്കുന്ന പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെള്ളക്കടലാസിൽ തയാറാക്കി ഇൗ മാസം 16ന് വൈകീട്ട് അഞ്ചിനകം നഗരസഭ ഓഫിസിൽ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ആരോഗ്യജാഗ്രത യാത്ര പ്രചാരണ പരിപാടി രാജകുമാരി: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിെൻറ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി ആരോഗ്യജാഗ്രത കാമ്പയിൻ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ആരോഗ്യജാഗ്രത കാമ്പയിൻ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. എൽദോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. ശുചിത്വമിഷൻ ജില്ല റിസോഴ്സ് പേഴ്സൺമാരായ എസ്.ആർ. ശെൽവവിനായകം, സി.ജെ. ബേബി, രാജകുമാരി പി.എച്ച്.സി-ജെ.എച്ച്.ഐ എ. അൻവർ എന്നിവർ നേതൃത്വം നൽകി. ആശാ വർക്കർമാർ, അംഗൻവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി 82പേർ സെമിനാറിൽ പങ്കെടുത്തു. വാർഡ് അടിസ്ഥാനത്തിൽ ഓരോ വാർഡിലും ഒരു ദിവസത്തെ ജാഗ്രതോത്സവം നടത്താൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.