തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ ജില്ല- സംസ്ഥാന നേതാക്കൾക്കെതിരായ ടെലി കമ്യൂണിക്കേഷൻ എസ്.പിയുടെ രഹസ്യാന്വേഷണം വാട്സ്ആപ്പിലൂടെ പരസ്യമാക്കിയ എസ്.ഐക്ക് സ്ഥലംമാറ്റം. ടെലികമ്യൂണിക്കേഷൻ തിരുവനന്തപുരം സിറ്റി സബ് യൂനിറ്റിലെ പ്രേംകുമാറിനെയാണ് ഡിവൈ.എസ്.പി എ. ആനന്ദിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ എസ്.പി ഡി. രാജൻ വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടെലികമ്യൂണിക്കേഷനിലെ സീനിയർ ഡിവൈ.എസ്.പി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് അസോസിയേഷൻ നേതാക്കൾ മുഖേന മുഖ്യമന്ത്രിയുടെ ഓഫിസിന് കൈക്കൂലിയായി അഞ്ച് ലക്ഷം രൂപ നൽകിയെന്ന് ആരോപിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് ഊമക്കത്ത് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നൽകാനെന്നപേരിൽ നേതാക്കൾ 25 ലക്ഷം രൂപ ആവശ്യപ്പെെട്ടന്നും അതിൽ അഞ്ചുലക്ഷം ജില്ലാ നേതാക്കൾ വഴി ചില സംസ്ഥാന നേതാക്കൾ കൈപ്പറ്റിയെന്നുമാണ് കത്തിലുണ്ടായിരുന്നത്. ആഭ്യന്തരസെക്രട്ടറിയുടെ നിർദേശപ്രകാരം ടെലികമ്യൂണിക്കേഷൻ എസ്.പി ഡി. രാജനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. പരാതിക്കാർ ആരെന്ന് തിരിച്ചറിയാത്തതിനാൽ എസ്.പി ഊമക്കത്ത് പൂർണമായി യൂനിറ്റുകളിലേക്ക് അയക്കുകയും ആരോപണങ്ങളെക്കുറിച്ച് വിവരം നൽകാൻ താൽപര്യമുള്ളവർ തെളിവ് നൽകണമെന്നും ആവശ്യപ്പെട്ടു. കത്ത് പുറത്ത് പോകാതിരിക്കാൻ അറിയിപ്പിൽ അതീവരഹസ്യസ്വഭാവമെന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, യൂനിറ്റിലേക്ക് അയച്ച കത്ത് വാട്സ്ആപ് വഴി മറ്റ് പൊലീസ് ഗ്രൂപ്പുകളിലേക്കും മാധ്യമപ്രവർത്തകർക്കും ലഭിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ പൊലീസ് അസോസിയേഷൻ നേതാക്കൾ എസ്.പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ആനന്ദൻ നടത്തിയ അന്വേഷണത്തിലാണ് കത്ത് വാട്സ്ആപ്പിൽ പ്രചരിപ്പിച്ചത് പ്രേംകുമാറാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.