ടയർ, സ്‌പെയർപാർട്‌സ് ക്ഷാമം; ജില്ലയിൽ 43 കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്​

മൂലമറ്റം: ടയർ, സ്‌പെയർപാർട്‌സ് ക്ഷാമം മൂലം ജില്ലയിലെ ആറ് ഡിപ്പോകളിൽ 43 കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്. ആദ്യമായാണ് ഇത്രയും ബസുകൾ ഒരുമിച്ച് കട്ടപ്പുറത്താകുന്നത്. ഇതുമൂലം ദീർഘദൂര സർവിസുകളടക്കം അവശ്യ സർവിസുകൾ മുടങ്ങി. തൊടുപുഴയിൽ 12എണ്ണമാണ് കഴിഞ്ഞദിവസം ടയറില്ലാത്തതിനാൽ സർവിസിന് അയക്കാൻ സാധിക്കാതെ വന്നത്. മൂലമറ്റം ഡിപ്പോയിലെ ആറ് ബസുകൾ, കട്ടപ്പന ഡിപ്പോയിലെ ഒമ്പത്, നെടുങ്കണ്ടത്ത് മൂന്ന്, മൂന്നാറിൽ ആറ്, കുമളി 13 എന്നിങ്ങനെയാണ് ശനിയാഴ്ച കട്ടപ്പുറത്തായത്. പല പ്രധാന സർവിസുകളും റദ്ദുചെയ്യുന്ന സാഹചര്യവുമുണ്ട്. ഹൈറേഞ്ച് റൂട്ടിൽ നിലവാരമില്ലാത്ത ടയറുകൾ ഉപയോഗിച്ച് സർവിസ് നടത്തുന്നതിന് ജീവനക്കാർ മടിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടൊപ്പം ആവശ്യത്തിന് സ്‌പെയർപാർട്സില്ലാത്തതും തിരിച്ചടിയായിട്ടുണ്ട്. ബസുകളുടെ കാലപ്പഴക്കവും കലക്ഷനിൽ ഇടിവുണ്ടാകാൻ കാരണമായിട്ടുണ്ട്. സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത സർവിസുകൾപോലും കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ വകുപ്പ് മന്ത്രിക്കും എം.ഡിക്കും കത്ത് നൽകിയെങ്കിലും ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു. ടയർ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ കട്ടപ്പുറത്താകുമെന്നും ജില്ലയിലെ ഗതാഗതസംവിധാനം തകരാറിലാകുമെന്നും ജീവനക്കാർ പറയുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റി മൂന്നാർ: ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനുമായി സര്‍ക്കാറി​െൻറ നേതൃത്വത്തിലുള്ള ടൂറിസം റഗുലേറ്ററി അതോറിറ്റി പ്രവർത്തനം ഉൗർജിതമാക്കുന്നു. ടൂറിസം റഗുലേറ്ററി അതോറിറ്റി ഓഫ് കേരളയുടെ പ്രവര്‍ത്തനം സജീവമാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളുടെയും മേല്‍നോട്ടം റഗുലേറ്ററി അതോറിറ്റിക്കായിരിക്കും. വിനോദസഞ്ചാരികളുടെ പരാതികളടക്കം അപ്പോള്‍തന്നെ പരിഹാരം കാണുന്നതിനായി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ഇവരുടെ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ടൂറിസം മേഖലയില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങൾ, ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾ, വിനോദസഞ്ചാരികള്‍ക്ക് നേെരയുള്ള അതിക്രമങ്ങൾ, മയക്കുമരുന്ന് വിതരണം എന്നിവക്ക് തടയിടാന്‍ റഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനംകൊണ്ട് കഴിയുമെന്നാണ് കരുതപ്പെടുന്നത്. വിനോദസഞ്ചാരികളെ പിഴിയുന്ന ടാക്‌സികള്‍, ഹോട്ടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പൂട്ടുവീഴും. കൂടാതെ നിയമപരമല്ലാത്ത പ്രവർത്തിക്കുന്ന തിരുമ്മൽ കേന്ദ്രങ്ങൾ, ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം എന്നിവയിലെല്ലാം അതോറിറ്റിയുടെ മേൽനോട്ടം ഉണ്ടായിരിക്കും. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും ടൂറിസം അതോറിറ്റിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അംഗങ്ങളെ സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നതാണ് അറിയുന്നത്. വിനോദസഞ്ചാരികൾക്കായി പാഞ്ചാലിമേട് ഒരുങ്ങുന്നു ഇടുക്കി: പുതിയ രൂപവും ഭംഗിയും കൈവരിച്ച് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പാഞ്ചാലിമേട്. പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളും അടിവാരവും ദൂരക്കാഴ്ചയും ശീതക്കാറ്റി​െൻറ കുളിർമയും ആസ്വദിക്കാൻ ഇവിടെയെത്തുന്നവരെ സ്വീകരിക്കാൻ മികച്ച പ്രവേശനകവാടം, നടപ്പാത, വിശ്രമകേന്ദ്രം, റെയിൻ ഷെൽട്ടർ, കോഫിഷോപ്, ഇരിപ്പിടങ്ങൾ, ടോയ്ലറ്റ് സൗകര്യം, സോളാർ വിളക്കുകൾ തുടങ്ങിയവ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. പൂർത്തീകരിച്ച ആദ്യഘട്ട പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ജോയിസ് ജോർജ് എം.പി മുഖ്യാതിഥിയാകും. ഇ.എസ്. ബിജിമോൾ എം.എൽ.എ അധ്യക്ഷതവഹിക്കും. കലക്ടർ ജി.ആർ. ഗോകുൽ റിപ്പോർട്ട് അവതരിപ്പിക്കും. പ്രകൃതി മനോഹരമായ മലനിരകളും കോടമഞ്ഞും അലങ്കരിക്കുന്ന പാഞ്ചാലിമേട്ടിൽനിന്നാൽ തെളിഞ്ഞ അന്തരീക്ഷത്തിൽ ആലപ്പുഴ ബീച്ചി​െൻറയും ലൈറ്റ് ഹൗസി​െൻറയും വിദൂര കാഴ്ചയും ദൃശ്യമാണ്. പുറമെ പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽനിന്ന് കാണാം. മകരവിളക്ക് ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും ഇവിടെ എത്തിച്ചേരുന്നു. പാഞ്ചാലിമേട്ടിലെത്തുന്നവരെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പദ്ധതി. സാഹസിക യാത്രക്ക് യോജിച്ച സ്ഥലമായതിനാൽ അത്തരത്തിലുള്ള സൗകര്യം ഉൾെപ്പടെ അടുത്തഘട്ടത്തിൽ നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.