കോട്ടയം: ദ്രോണാചാര്യ തോമസ് മാഷിന് ശിഷ്യഗണങ്ങൾ ഒത്തുചേർന്ന് ഗുരുവന്ദനം ഒരുക്കുന്നു. മേയ് ആറിന് രാവിലെ 11ന് പാലാ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കായികചരിത്രത്തിൽ കേരളത്തിന് സുവർണ നേട്ടങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ആദരിക്കുന്നത്. നാലുദശാബ്ദം കായികമേഖലയിൽനിന്ന് ആയിരക്കണക്കിന് ശിഷ്യരെയാണ് തോമസ് മാഷ് വളർത്തിയെടുത്തത്. അവരിൽ ഒളിമ്പ്യന്മാരും അർജുന അവാർഡ് ജേതാക്കളും ഉൾപ്പെടും. കോരുത്തോട് സി.കെ.എച്ച്.എസിൽനിന്ന് ആരംഭിച്ച് വിവിധ സ്കൂളുകളിൽ പരിശീലനം നൽകി. േദ്രാണാചാര്യ അവാർഡ് ലഭിച്ച ഏകകായിക അധ്യാപകനാണ് തോമസ് മാഷ്. തുടർച്ചയായ 16 വർഷം കോരുത്തോട് സി.കെ.എം.എച്ച്.എസിനെ സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യരാക്കിയതിനൊപ്പം കേരളത്തിന് ദേശീയ സ്കൂൾ മീറ്റിൽ തുടർച്ചയായി കിരീടവും സമ്മാനിച്ചു. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അഞ്ജു ബോബി ജോർജ്, ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ജോസഫ് ജി. എബ്രഹാം തുടങ്ങിയവർ ശിഷ്യരാണ്. 16വർഷം സൈന്യത്തിൽ ജോലി ചെയ്തശേഷം ആർമി കോച്ചായും പ്രവർത്തിച്ചു. 1979ലാണ് കോരുത്തോട് സി.കെ.എം.എച്ച്.എസിൽ കായിക അധ്യാപകനായി എത്തുന്നത്. പിന്നീട് ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലും വണ്ണപ്പുറം എസ്.എൻ.എം.വി.എച്ച്.എസിലെ കായിക അധ്യാപകനായി. നിലവിൽ വണ്ണപ്പുറത്ത് സ്പോർട്സ് അക്കാദമി സ്ഥാപിച്ച് ഇരുനൂറിലേറെ കുട്ടികൾക്ക് പരിശീലനം നൽകുന്നു. 5000ത്തിലധികം വരുന്ന ശിഷ്യസമ്പത്തിന് ഉടമയാണ്. ഒളിമ്പ്യൻ ഷൈനി വിത്സൺ, ഖേൽരത്ന ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, അർജുന അവാർഡ് ജേതാവ് ജോസഫ് ജി. എബ്രഹാം, ഏഷ്യൻ മെഡലിസ്റ്റ് മോളി ചാക്കോ, പി.ബി. രാജേഷ് എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ഒത്തുചേരലിന് വേദിയൊരുക്കുന്നത്. 15 ഒളിമ്പ്യന്മാരും ഏഷ്യാഡ് താരങ്ങളും അന്തർദേശീയ താരങ്ങളും പ്രമുഖ കായിക പരിശീലകരും സംബന്ധിക്കും. പാലാ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എം.എൽ.എ അധ്യക്ഷതവഹിക്കും. എം.പിമാരായ ജോസ് കെ. മാണി, വി. മുരളീധരൻ, ജോയിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ. ജോസഫ്, പി.സി. ജോർജ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജോസഫ് ജി. എബ്രഹാം, പി.ബി. രാജേഷ്, നിഷ കെ. ജോയി, രാജാസ് തോമസ്, ഡി. ശ്രീകാന്ത് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.