കോട്ടയം: നഗരസഭ ബജറ്റ് ചർച്ചയിൽ വിമർശനങ്ങളുമായി പ്രതിപക്ഷം. നഗരവികസനത്തിന് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടില്ലെന്നും പ്രഖ്യാപിച്ച പല പദ്ധതികൾക്കും തുക വകയിരുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് മികച്ചൊരു പദ്ധതിപോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷാംഗം പി.വി. ഷൈല പറഞ്ഞു. വനിതകൾക്ക് 10 ശതമാനം തുക ബജറ്റിൽ വകയിരുത്തണം. വനിതയായ ഉപാധ്യക്ഷ അവതരിപ്പിച്ച ബജറ്റിൽ ബോധവത്‌കരണ ക്ലാസും മെഡിക്കൽ ക്യാമ്പുകളും മാത്രമാണ് സ്ത്രീകൾക്കുവേണ്ടി പ്രഖ്യാപിച്ചതെന്നും അവർ കുറ്റപ്പെടുത്തി. വടവാതൂർ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട കേസ് തുടരുകയാണ്. ഇതിനിടെ എങ്ങനെ പ്ലാൻറിൽ കൃഷിയിറക്കുമെന്നും പ്രതിപക്ഷമായ എൽ.ഡി.എഫും ബി.ജെ.പി അംഗങ്ങളും ചോദിച്ചു. കാർഷിക മേഖലക്ക് കാര്യമായ മുൻതൂക്കം നൽകിയിട്ടില്ല. അജൈവ മാലിന്യം സംസ്കരിക്കുന്നതിന് പദ്ധതികളില്ലെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ബജറ്റിൽ തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡുകളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി 60 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. എന്നാൽ, ഒന്നും നടന്നിട്ടില്ല. ഇത്തവണയും 50 ലക്ഷം രൂപ നടക്കാത്ത പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിരവധി പാടശേഖരങ്ങളുള്ള നാട്ടകം മേഖലയിലെ കൃഷി ഓഫിസിൽനിന്ന് തിരിയാൻ സ്ഥലമില്ലെന്നും ഇത് നവീകരിക്കാൻ ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും കൗൺസിലർ കെ. ശങ്കരൻ പറഞ്ഞു. ഇത്തവണ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിശപ്പുരഹിത പദ്ധതി സ്വാഗതാർഹമാണെന്ന് കൗൺസിലർ കെ.കെ. ശ്രീമോൻ പറഞ്ഞു. കോട്ടയം നഗരസഭ ഇ-പേമൻറ് സംവിധാനത്തിലേക്ക് മാറണമെന്ന് കൗൺസിലർ ടി.എൻ. ഹരികുമാർ പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. സനിൽ, കെ.കെ. പ്രസാദ് തുടങ്ങിയവർ വൈസ് ചെയർപേഴ്‌സൺ ബിന്ദു സന്തോഷ് കുമാർ അവതരിപ്പിച്ച ബജറ്റിനെ അഭിനന്ദിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഡോ.പി.ആർ. സോന അധ്യക്ഷതവഹിച്ചു. ചർച്ചയിൽ പ്രതിപക്ഷ നേതാവ് സി.എൻ. സത്യനേശൻ, പി.എൻ. സരസമ്മാൾ, ജോബി ജോൺസൺ, റെജിമോൻ, എം.പി. സന്തോഷ് കുമാർ, ജോസ് പള്ളിക്കുന്നേൽ, ടിനോ, ലീലാമ്മ, ജയശ്രീ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.