ഏറ്റുമാനൂര്‍: എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസിെൻറ രണ്ടാം ഘട്ട പ്രവര്‍ത്തനം പുരോഗമിക്കുന്നു. റോഡ് നിർമാണ ഭാഗമായി പേരൂര്‍ റോഡില്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിമ്പനം തോടിന് കുറുകെയുള്ള പാലം പൊളിച്ചു. തൊട്ടടുത്ത് പകുതി പൂര്‍ത്തിയായ പാലത്തിലൂടെ താല്‍ക്കാലികമായി ഗതാഗതം തിരിച്ചുവിട്ടു. 17 മീറ്റര്‍ വീതിയിലും അഞ്ചുമീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം പണിയുന്നത്. പേരൂര്‍ പൂവത്തുംമൂട് കവല മുതല്‍ പാലാ റോഡില്‍ ഏറ്റുമാനൂര്‍ പാറകണ്ടംവരെയുള്ള പണിയാണ് ഈ ഘട്ടത്തില്‍ നടക്കുക. സ്ഥലംവിട്ടു കിട്ടാത്തതിനാല്‍ പാറകണ്ടം മുതല്‍ പട്ടിത്താനംവരെയുള്ള പണി ഇനിയും വൈകും. 19 കോടി അഞ്ചുലക്ഷം രൂപയാണ് പൂവത്തുംമൂട് മുതല്‍ പാറകണ്ടംവരെയുള്ള പണിക്കായി വകയിരുത്തിയത്. മണര്‍കാട് മുതല്‍ ഏറ്റുമാനൂര്‍വരെ സ്ഥലമെടുപ്പിനും റോഡ് നിർമാണത്തിനും കൂടി 72 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സ്ഥലമെടുപ്പ് പൂര്‍ത്തിയാകാതെ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി റോഡ് പണി അനിശ്ചിതത്വത്തിലായിരുന്നു. എം.സി റോഡിലെ ഗതാഗതക്കുരുക്കില്‍നിന്ന് ഒഴിവാകാന്‍ പാലാ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളും കോട്ടയം ടൗണിലെ കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ കെ.കെ റോഡിലൂടെ വരുന്ന മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഏറ്റുമാനൂര്‍-സംക്രാന്തി റോഡിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പേരൂര്‍ റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്തത് ഇതിനകം നിരവധി അപകടങ്ങള്‍ക്ക് കാരണമായി. കരിമ്പനം പാലത്തില്‍നിന്ന് അടുത്തിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. എം.സി റോഡ് നവീകരിച്ചിട്ടും ഏറ്റുമാനൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുകുറവും ഇതുവരെ ഉണ്ടായിട്ടില്ല. ബൈപാസ് പൂര്‍ണമായാല്‍ എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാകും. അതുപോലെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും. ഒന്നര വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വാകത്താനം സ്കൂളിന് ആധുനിക ടോയ്ലറ്റ് ബ്ലോക്ക് കോട്ടയം: ഇന്ത്യൻ ഓയിൽ കോർപറേഷൻ സി.എസ്.ആർ സ്കീമിെൻറ ഭാഗമായി വാകത്താനം ഗവ. ബി.എൽ.പി സ്കൂളിന് ഒമ്പതുലക്ഷം രൂപ ചെലവിൽ നിർമിച്ചു നൽകിയ ആധുനിക രീതിയിലുള്ള ടോയ്ലറ്റ് ബ്ലോക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മൂന്നു കോടിയോളം കേരളത്തിലെ വിവിധ സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ചെലവഴിച്ചെന്ന് ഐ.ഒ.സി ഡെപ്യൂട്ടി ജി.എം ബോസ് ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.