കോട്ടയം: പാമ്പാടിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ തലക്കടിച്ചുവീഴ്ത്തി ഒന്നരലക്ഷം കവർന്ന കേസിൽ നേപ്പാൾ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. നേപ്പാൾ സ്വദേശികളായ രാം സിങ് (30), കിഷൻ ബഹാദൂർ (26) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഹൈവേ മോഷണസംഘാംഗങ്ങളാണ് ഇവരെന്ന് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ യു. ശ്രീജിത് പറഞ്ഞു. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച അർധരാത്രിയോടെ പാമ്പാടി കാളച്ചന്തക്ക് സമീപം പ്രവർത്തിക്കുന്ന മറ്റത്തിപറമ്പിൽ ഫ്യൂവൽസ് പെട്രോൾ പമ്പിലെ ജീവനക്കാരനായ പാമ്പാടി സ്വദേശി അനീഷ് മാത്യുവിനെയാണ് (36) ആക്രമിച്ചത്. പമ്പിെൻറ മുന്‍വശത്ത് ഗ്രില്ല് വാതിലിെൻറ പൂട്ട് ബലമുള്ള ആയുധം ഉപയോഗിച്ച് തകർത്താണ് പ്രതികൾ അകത്തുകയറിയത്. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ അനീഷിനെ തലക്കടിച്ചുവീഴ്ത്തിയശേഷം, അലമാരയിൽ സൂക്ഷിച്ച ഒന്നരലക്ഷം കവർന്നശേഷം ഒാേട്ടായിൽ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി ബംഗളൂരുവിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ പമ്പിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ കോട്ടയം നഗരത്തിൽ കമ്പിളിപ്പുതപ്പ് വിൽക്കുന്നവരാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് ഇതേ റൂട്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, പാമ്പാടി എസ്.ഐ ടി. ശ്രീജിത്, ഈസ്‌റ്റ് എസ്.ഐ റനീഷ്, ജില്ല പൊലീസ് മേധാവിയുടെ ഗുണ്ട വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ പി.വി. വർഗീസ്, എം.എ. ബിനോയ്, എ.എസ്.ഐ ഷിബുകുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റിച്ചാർഡ് സേവിയർ, ഫെർണാണ്ടസ്, ശ്യാം എസ്. നായർ, മനോജ് കുമാർ, ശ്രാവൺ എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാനത്തും പുറത്തും അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.