ഭരണമാറ്റത്തിനുശേഷമുള്ള ആദ്യ ജില്ല പഞ്ചായത്ത്​ ബജറ്റ്​: ​ബജറ്റ്​ കീറിയെറിഞ്ഞ്​ കോൺഗ്രസ്​; കേരള കോൺഗ്രസിനെ പുകഴ്​ത്തി സി.പി.എം

കോട്ടയം: ജില്ല പഞ്ചായത്തിലെ ഭരണമാറ്റത്തിനുശേഷമുള്ള ആദ്യബജറ്റ് അവതരണത്തിനിടെ നാടകീയരംഗങ്ങൾ. ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ് അംഗങ്ങൾ ചർച്ച ബഹിഷ്കരിച്ചപ്പോൾ കേരള കോൺഗ്രസ് എമ്മിനെ പുകഴ്ത്തി സി.പി.എം. അതേസമയം, കോൺഗ്രസ് ഉയർത്തിയ ആവശ്യം ന്യായമാണെന്ന് സി.പി.െഎ അംഗം വ്യക്തമാക്കിയപ്പോൾ ഇടതിനൊപ്പം ചേർന്ന് ബജറ്റിനെ സ്വാഗതം ചെയ്ത് ജനപക്ഷം പ്രതിനിധി. ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് ഹാളിലായിരുന്നു പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ആവർത്തനം. കോൺഗ്രസും കേരള കോൺഗ്രസും ചേർന്ന് ഭരിച്ചിരുന്ന ജില്ല പഞ്ചായത്തിൽ 10 മാസങ്ങൾക്കുമുമ്പ് കോൺഗ്രസിനെ തള്ളി സി.പി.എമ്മി​െൻറ പിന്തുണയിൽ കേരള കോൺഗ്രസ് എം പ്രസിഡൻറ് സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇതി​െൻറ അലയൊലികൾ കോൺഗ്രസ്-കേരള കോൺഗ്രസ് ഭിന്നത രൂക്ഷമാക്കിയിരുന്നു. ഇതിനുശേഷമുള്ള ആദ്യ ബജറ്റായിരുന്നു ചൊവ്വാഴ്ച അവതരിപ്പിച്ചത്. ഇതിൽ ഭിന്നത വീണ്ടും മറനീക്കുകയായിരുന്നു. കെ.എം. മാണിയെ വീണ്ടും യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാൻ കോൺഗ്രസ് ശ്രമങ്ങൾ നടത്തുന്നതിനിടെയായിരുന്നു ജില്ല പഞ്ചായത്തിലെ പോര്. ൈവസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യനാണ് മൂന്നാംതവണയും ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരിപ്പിക്കാനായി വൈസ് പ്രസിഡൻറിനെ അധ്യക്ഷൻ ക്ഷണിച്ചയുടൻ ക്രമപ്രശ്നവുമായി കോൺഗ്രസിലെ ലിസമ്മ ബേബി എഴുന്നേറ്റു. കഴിഞ്ഞ വർഷത്തെ ബജറ്റ് പുതുക്കിയിട്ടില്ലെന്നും അതിനാൽ പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. എട്ട് അംഗങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇത്തരമൊരു കീഴ്വഴക്കമിെല്ലന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷനായിരുന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി ഇത് തള്ളി. തുടർന്ന് ബജറ്റ് അവതരിപ്പിച്ചു. ഇതിനു പിന്നാലെ ജില്ല പഞ്ചായത്ത് അംഗവും ഡി.സി.സി പ്രസിഡൻറുമായ ജോഷി ഫിലിപ്പ് പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ കൂട്ടുകാരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സുതാര്യതയില്ലാത്ത ബജറ്റാണെന്നും ജോഷി ഫിലിപ്പ് ആരോപിച്ചു. ബജറ്റ് പ്രസംഗം അംഗങ്ങൾക്ക് നൽകിയ രേഖയിലില്ല. ഇത് അംഗങ്ങളെ അപമാനിക്കലാണ്. അംഗങ്ങളിൽനിന്ന് ബജറ്റ് പ്രസംഗം മറച്ചുപിടിച്ചത് ശരിയായില്ലെന്നും തങ്ങൾ ഇറങ്ങിപ്പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹാൾ വിട്ടിറങ്ങുന്നതിനിടെ കോൺഗ്രസ് അംഗമായ സണ്ണി പാമ്പാടി ബജറ്റ് വലിച്ചുകീറി എറിയുകയായിരുന്നു. തുടർന്ന് സംസാരിച്ച സി.പി.എം അംഗം കെ. രാജേഷ്, ജോഷി ഫിലിപ്പിനെ രൂക്ഷമായി വിമർശിക്കുകയും മികച്ച ബജറ്റാണെന്ന് പുകഴ്ത്തുകയും ചെയ്തു. ജോഷി ഫിലിപ്പ് പ്രസിഡൻറായിരിക്കെ തെരുവുനായ്ക്കളുെട വന്ധ്യംകരണത്തിനായി നടപ്പാക്കിയ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചതായും ഇതിന് മറുപടി പറയാൻ കഴിയാത്തതിനാലാണ് പുറത്തുപോയതെന്നും ആരോപിച്ചു. തുടർന്ന് സംസാരിച്ച മറ്റ് സി.പി.എം അംഗങ്ങളും ബജറ്റിനെ സ്വാഗതം ചെയ്തു. ഇതിനിടെ സി.പി.െഎയുടെ ഏക അംഗം പി. സുഗതൻ അംഗങ്ങൾക്ക് നൽകിയ ബജറ്റ് രേഖക്കൊപ്പം പ്രസംഗവും നൽകണമെന്ന് ആവശ്യപ്പെട്ടു. ജനപക്ഷം അംഗം ലിസി സെബാസ്റ്റ്യനും സ്വാഗതം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ അടക്കമുള്ള ഭരണകക്ഷി അംഗങ്ങളും കോൺഗ്രസിനെതിരെ രംഗത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.