പത്തനംതിട്ട: വരട്ടാർ പുനർജനിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും പ്രതീക്ഷിച്ചപോലെ നദി ഒഴുകിയില്ല. ഒരു നാടിെൻറ പ്രതീക്ഷയായിരുന്നു ആ പുനർജനി. ഇനിയും ഒരാസന്ന മരണം കാണാനാകില്ല ആർക്കും. പഴയ അവസ്ഥയിലേക്ക് കുറെയൊക്കെ തിരികെ പോയെങ്കിലും പുനരുജ്ജീവനത്തിന് പദ്ധതികൾ ആലോചിക്കുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. പുതിയ പ്രതീക്ഷയാണ് വരട്ടാർ നീർത്തട മാസ്റ്റർ പ്ലാൻ. 1500 വർഷത്തെ പാരമ്പര്യം പറയുന്ന വരട്ടാർ ഒഴുകാതായിട്ട് 50 കൊല്ലം കഴിയുന്നു. 1964 വരെ കെട്ടുവള്ളങ്ങളും പള്ളിയോടങ്ങളും ഇതുവഴി പോയിരുന്നു. പമ്പയുടെയും മണിമലയുടെയും വൃഷ്ടിപ്രദേശമായ ഇവിടെ നിറയെ കരിമ്പും പച്ചക്കറിയും കൃഷിചെയ്തു വന്നു. ഇവിടത്തെ കരിമ്പ് സംസ്കരിക്കാനാണ് ബ്രിട്ടീഷ് ഭരണകാലത്ത് പുളിക്കീഴിൽ പഞ്ചസാര ഫാക്ടറി തുടങ്ങിയത്. എന്നാൽ, കാലത്തിെൻറ കുത്തൊഴുക്കിൽ നദി വരണ്ട് കരിമ്പുകൃഷി ഇല്ലാതായതോടെ ഫാക്ടറിയും പൂട്ടി. അനിയന്ത്രിതമായ മണലൂറ്റാണ് നദിയെ കൊന്നത്. അതോടെ നദിയുടെ ഗതിതന്നെ മാറി. പമ്പാനദിയിൽനിന്ന് വൻതോതിൽ മണലൂറ്റിയപ്പോൾ അടിത്തട്ട് താഴ്ന്ന് വരട്ടാറിൽനിന്ന് വേർപ്പെട്ടു. ഇതോടെ വേനൽക്കാലത്ത് വറ്റിവരളുന്ന വരട്ടാർ പിന്നീട് ഒഴുകാതായി. തീരം കൈയേറി ആളുകൾ കൃഷിനടത്തിയതോടെ നദിതന്നെ ഇല്ലാതായി. വരട്ടാറിെൻറ പുനരുജ്ജീവനം ജനകീയ പങ്കാളിത്തത്തോടെ സർക്കാർ പന്തുണയോടെയാണ് വിജയകരമായത്. ഉദ്ഭവസ്ഥാനമായ ആദിപമ്പയിലെ ചപ്പാത്ത് പൊളിക്കുകയായിരുന്നു ആദ്യ പദ്ധതി. പിന്നീട് പുതുക്കുളങ്ങരയിലെ ചെറിയ ചപ്പാത്തും പൊളിച്ചു. റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലം ഉടമസ്ഥർ വിട്ടുകൊടുത്തതോടെ വരട്ടാർ എന്ന സ്വപ്നം പൂവണിഞ്ഞു. ധനമന്ത്രി തോമസ് െഎസക്, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് എന്നിവർ പിന്തുണയുമായി നേതൃത്വമേകി. കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ പഞ്ചായത്തുകൾ സഹകരണത്തോടെ ഒപ്പം നിന്നു. നാട്ടുകാരുടെ സംഭാവനയും ജില്ല പഞ്ചായത്തിെൻറ ഫണ്ടും ഉപയോഗിച്ചു. എന്നാൽ, അതിന് ഇനിയെത്ര നാളാണ് ഭാവി എന്നതാണ് ഇപ്പോഴത്തെ ചോദ്യം. മഴക്കാലത്ത് പഴയകാലത്തെപ്പോലെ വരട്ടാർ നിറഞ്ഞൊഴുകി. എന്നാൽ, വേനൽ എത്തിയതോടെ പ്രതീക്ഷകൾ തകിടംമറിയുകയാണോ എന്ന തോന്നലുണ്ടായി. വരൾച്ച എത്തിയതോടെ വരട്ടാർ ആദിപമ്പയിൽനിന്ന് വേർപ്പെട്ടു. പമ്പയുടെ അടിത്തട്ട് ഇപ്പോഴും ഉയർന്നു നിൽക്കുന്നു. ഒഴുക്ക് നിലച്ച വരട്ടാർ പായൽമൂടി നശിക്കുന്നു. ഇതിനാണ് പരിഹാരം കാണേണ്ടത്. നദി ഒഴുകാത്തതിനാൽ ആദിപമ്പയുടെ ഭാഗത്ത് പൊളിച്ച ചപ്പാത്ത് പുനർനിർമിക്കാൻ ചിലർ നീക്കം നടത്തുന്നു. ഇൗ സാഹചര്യത്തിലാണ് നദി ഇനി വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തോടെ വരട്ടാർ നീർത്തട മാസ്റ്റർ പ്ലാൻ എന്ന ആശയമുദിച്ചത്. വരട്ടാറിെൻറ ഒഴുക്ക് ശാശ്വതമായി നിലനിർത്തി കൃഷി പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. വർഷത്തിൽ 150 ദിവസമെങ്കിലും ആദിപമ്പയലൂടെ നീരൊഴുക്ക് നിലനിർത്തിയാൽ കൃഷിക്ക് പ്രയോജനകരമാകുമെന്നാണ് കണക്കാക്കുന്നത്. മണിമലയാറ്റിൽ റഗുേലറ്റർ കം ബ്രിഡ്ജ് നിർമിച്ച് വെള്ളം തിരിച്ചുവിടാനുള്ള പദ്ധതി ആലോചിക്കുന്നു. കൂടാതെ പമ്പ ജലസേചനപദ്ധതിയുടെ കനാലുകളിലൂടെ വെള്ളം ഒഴുക്കിവിട്ട് നീരൊഴുക്ക് കൂടുതൽ ദിവസങ്ങൾ നിലനിർത്താം എന്നുമാണ് പ്രതീക്ഷ. പുതുക്കുളങ്ങരക്ക് സമീപം ചേന്നാത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.