കോട്ടയം: സംസ്ഥാനത്തെ മുദ്രപ്പത്രക്ഷാമം പരിഹരിക്കാൻ നടപടിയായെന്ന് ട്രഷറി വകുപ്പ്. നാസിക്കിലെ സർക്കാർ പ്രസിൽ അച്ചടി അവസാനഘട്ടത്തിലാണെന്നും ഉടൻ ആവശ്യത്തിന് പത്രങ്ങൾ കേരളത്തിലെത്തുമെന്നും ട്രഷറി ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. മുദ്രപ്പത്ര ക്ഷാമം മൂലം മാസങ്ങളായി ജനം ബുദ്ധിമുട്ടിലായിരുന്നു. ബാങ്ക് ഇടപാടുകൾക്കും വായ്പകൾക്കും കരാറുകൾ എഴുതാനും ബുദ്ധിമുട്ട് നേരിട്ടിട്ടും സർക്കാർ നടപടി വൈകിയത് പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. കൂടുതൽ ചെലവുള്ള 50, 100 രൂപയുടെ പത്രങ്ങൾക്കായിരുന്നു കടുത്ത ക്ഷാമം. തുടർന്ന് വിൽപന കുറഞ്ഞ 10 രൂപയുടെ പത്രങ്ങൾ 100 ആക്കിയും അഞ്ചുരൂപയുടെ പത്രങ്ങൾ 50 രൂപയുടേതാക്കിയും മൂല്യം ഉയർത്തി വിൽക്കാൻ സർക്കാർ അനുമതി നൽകി. ഇതോടെ ഇൗ പത്രങ്ങളും കിട്ടാത്ത അവസ്ഥയായി. ഇതിനിടെയാണ് പുതിയ പത്രങ്ങൾ കൂടുതലായി അച്ചടിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചത്. സർക്കാർ നിർദേശപ്രകാരം നാസിക്കിലെ സർക്കാർ പ്രസിൽ അച്ചടി പൂർത്തിയായ പത്രങ്ങൾ അടുത്തയാഴ്ചയോടെ കേരളത്തിൽ എത്തിക്കുമെന്നും ട്രഷറി അധികൃതർ പറഞ്ഞു. മുൻവർഷത്തെക്കാൾ 60 ലക്ഷം രൂപയുടെ പത്രങ്ങളാണ് അച്ചടിച്ചിട്ടുള്ളത്. ഇതിൽ 100 രൂപയുടെ 50 ലക്ഷം പത്രങ്ങളും 50 രൂപയുടെ 30 ലക്ഷം പത്രങ്ങളുടെയും അച്ചടിയാണ് അന്തിമഘട്ടത്തിലുള്ളത്. പ്രതിവർഷം 3500-3800 കോടിയുടെ പത്രങ്ങളാണ് സംസ്ഥാനത്തിനുവേണ്ടത്. സ്റ്റോക് എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സംസ്ഥാനത്ത് മുദ്രപ്പത്രക്ഷാമം രൂക്ഷമാകാൻ കാരണമായതെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. സി.എ.എം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.