എം.ജി സർവകലാശാലയിൽ 3.5 കോടിയുടെ സൗരോർജ വൈദ്യുതി പദ്ധതി

കോട്ടയം: എം.ജി സർവകലാശാലയിൽ 3.5 കോടി ചെലവിൽ ബൃഹത്തായ സൗരോർജ വൈദ്യുതി പദ്ധതി ഏപ്രിലിൽ പ്രവർത്തനക്ഷമമാകും. 400 കിലോവാട്ട് ശേഷിയുള്ള സൗരോർജ പ്ലാൻറാണ് പൂർത്തിയാകുന്നത്. ഈ പദ്ധതി 800 കിലോവാട്ടായി വികസിപ്പിക്കുമ്പോൾ കേരളത്തിലെ സർവകലാശാലകളിൽ വൈദ്യുതോർജ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടുന്ന ആദ്യ സർവകലാശാലയായി എം.ജിമാറും. റുസ പദ്ധതിയിൽ നടപ്പാക്കുന്ന ഒന്നാംഘട്ടത്തിൽ സർവകലാശാലയിലെ ഭരണവിഭാഗം, സ്കൂൾ ഓഫ് എൻവയൺമ​െൻറൽ സയൻസ്, സ്കൂൾ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്സ്, കെമിക്കൽ സയൻസ്, സർവകലാശാല ലൈബ്രറി, സ്കൂൾ ഓഫ് മാനേജ്മ​െൻറ് ആൻഡ് ബിസിനസ് സ്റ്റഡീസ്, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ്, സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് എന്നീ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് പ്രതിദിനം 1600 മുതൽ 1800വരെ യൂനിറ്റ് വൈദ്യുതി ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോഗിച്ച് സർവകലാശാലയുടെ ഊർജാവശ്യങ്ങൾ നിറവേറ്റുകയും അവധിദിനങ്ങളിലും മറ്റുമായി ലഭിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശേഖരത്തിലേക്ക് കൈമാറുകയും പൂജ്യം വൈദ്യുതി ബിൽ കൈവരിക്കുകയുമാണ് ലക്ഷ്യം. കാമ്പസിൽ തടസ്സമില്ലാതെ മുഴുവൻ സമയം വൈദ്യുതി വിതരണം ഉറപ്പാക്കാൻ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എം.ജി യൂനിവേഴ്സിറ്റി കാമ്പസിലേക്ക് ഒരു ഡെഡിക്കേറ്റഡ് വൈദ്യുതി ലൈൻ ഈ പദ്ധതിയിൽ പൂർത്തീകരിക്കും. കേന്ദ്ര ജലവിഭവ, നദീ വികസന, ഗംഗ പുനരുദ്ധാരണ മന്ത്രാലയത്തിനു കീഴിലുള്ള വാപ്കോസ് എന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് സിയാൽ മാതൃകയിൽ വിഭാവനം ചെയ്യുന്ന ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്. എം.ജി സർവകലാശാലയുടെ പരിസ്ഥിതി സൗഹൃദ നടപടിയുടെ ഭാഗമായാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.