സ്​റ്റോപ്പിൽ ഇറക്കാതെ കിലോമീറ്ററുകൾക്കപ്പുറം പെരുമഴയത്തിറക്കിവിട്ടു; കെ.എസ്​.ആർ.ടി.സി ജീവനക്കാർക്കെതിരെ പരാതിയുമായി വയോധിക

ഏറ്റുമാനൂർ: കെ.എസ്.ആര്‍.ടി.സി ജീവനക്കാർ സ്റ്റോപ്പിൽ ഇറക്കാതെ കിലോമീറ്ററുകൾക്കപ്പുറം പെരുമഴയത്ത് ഇറക്കിവിട്ടെന്ന പരാതിയുമായി വയോധിക. വെമ്പള്ളി വടക്കേകൂനാനിയേൽ ശോഭനയാണ് (70) ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. കഴിഞ്ഞദിവസം വൈകീട്ട് നാലോടെയാണ് ഭർത്താവിനൊപ്പം കോട്ടയം ബേക്കര്‍ ജങ്ഷനില്‍നിന്ന് പാലക്കാട് ബസില്‍ കയറിയത്. ശോഭനയും ഭര്‍ത്താവും വെമ്പള്ളിക്ക് ടിക്കറ്റ് ചോദിച്ചെങ്കിലും കുറവിലങ്ങാട് ടിക്കറ്റാണ് നല്‍കിയത്. വെമ്പള്ളി തെക്കേ കവലയില്‍ എത്തിയപ്പോൾ യാത്രക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് ബസ് നിര്‍ത്തി. ഈസമയം ശോഭനയുടെ ഭര്‍ത്താവിറങ്ങി. എല്ലാ ബസുകള്‍ക്കും സ്റ്റോപ്പുള്ള തൊട്ടടുത്ത വെമ്പള്ളി വടക്കേ കവലയില്‍ ഇറങ്ങണം എന്ന ശോഭനയുടെ ആവശ്യം കണ്ടക്ടർ നിരസിച്ചു. ചോദ്യം ചെയ്ത ശോഭനയുടെ നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞശേഷം കിലോമീറ്ററുകൾക്കപ്പുറം കുറവിലങ്ങാട്ട് പെരുമഴയത്തിറക്കിവിട്ടു. അസമയത്ത് ശക്തമായ കാറ്റിലും മഴയിലും വീട്ടിലെത്താന്‍ താമസിച്ച ശോഭനയെ കാണാതെ വീട്ടുകാർ പരിഭ്രാന്തരായി. അവസാനം നാട്ടുകാരിൽ ചിലർ ഇവരെ ടാക്‌സിയില്‍ വീട്ടിലെത്തിച്ചു. ഒരു കുടുംബത്തെ മുഴുവന്‍ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ ജീവനക്കാരന് നേരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. പരസഹായമില്ലാത്ത മുതിര്‍ന്ന സ്ത്രീ എന്ന പരിഗണനപോലുമില്ലാതെയാണ് ബസ് ജീവനക്കാർ പെരുമാറിയതെന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.