കെ.എസ്.ആർ.ടി.സി ബസിന് അള്ള്; സ്വകാര്യബസ് ജീവനക്കാരുൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലാ: യാത്ര പുറപ്പെടാൻ സ്റ്റാൻഡിൽ നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിന് അള്ള് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരെ കണ്ട് ഓടിരക്ഷപ്പെട്ട സ്വകാര്യ ബസ് ജീവനക്കാരനും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ മൂന്നുപേർ അള്ളുകൾ സഹിതം പിടിയിൽ. പാലാ-വൈക്കം റൂട്ടിൽ സർവിസ് നടത്തുന്ന ഹരികൃഷ്ണൻ ബസിലെ ജീവനക്കാരൻ മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് നെല്ലരിപാറയിൽ രാജേഷ് രാജ് (24), വാഹിനി ബസ് ജീവനക്കാരൻ വൈക്കം അക്കരപ്പാടം കൈനാനിക്കൽ അനിൽകുമാർ (42), കൊട്ടാരമറ്റം ബസ് ടെർമിനലിൽ ഓട്ടോ ഡ്രൈവറായ ഊരാശാല പ്ലാത്തോട്ടത്തിൽ താഴെ മനോജ് (42) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസി​െൻറ സമയം അപഹരിച്ച് സ്വകാര്യ ബസുകൾ നടത്തിവരുന്ന മത്സര ഓട്ടത്തി​െൻറ ഭാഗമായുണ്ടായ തർക്കത്തെ തുടർന്നാണ് സർവിസ് മുടക്കാൻ അള്ള് വെക്കാൻ ശ്രമം നടന്നത്. ഞായറാഴ്ച വൈകീട്ട് 7.10ന് പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വൈക്കത്തേക്ക് പുറപ്പെടാൻ നിർത്തിയ വൈക്കം ഡിപ്പോയിലെ ബസിനാണ് അള്ള് വെക്കാൻ ശ്രമിച്ചത്. ബസി​െൻറ അടിയിൽ പിൻഭാഗത്തെ രണ്ട് ടയറുകൾക്ക് സമീപം ആരോ ഇരിക്കുന്നത് കണ്ട് ഡ്രൈവർ എത്തിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബസ് പുറപ്പെട്ടപ്പോൾ ഇതേ ബസിൽ കയറിയ ഇവരെ ബസ് ടൗൺ പ്രൈവറ്റ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ഡ്രൈവർ തിരിച്ചറിയുകയായിരുന്നു. ഡ്രൈവർ വിവരം പാലാ ഡിപ്പോയിൽ അറിയിച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതരുടെ പരാതി പ്രകാരം പൊലീസ് എത്തി ബസിനുള്ളിൽ നിന്നാണ് പിടികൂടിയത്. മനോജി​െൻറ ഓട്ടോറിക്ഷയിലാണ് അള്ളുവെക്കാൻ എത്തിയത്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘം ഞായറാഴ്ച രാവിലെ വള്ളിച്ചിറ താമരക്കുള്ളത്തും വൈകീട്ട് കൊട്ടാരമറ്റം ബസ് ടെർമിനലിലും വൈക്കം ഡിപ്പോയിലെ ബസ് സർവിസ് തടഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് പാലാ ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷമാണ് സ്റ്റാൻഡിൽ എത്തി അള്ളുവെക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടപ്പോൾ വഴിമധ്യേ പ്രശ്നം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ബസിൽ യാത്രക്കാരായി കയറിപ്പറ്റിയതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.