റബർ കാർഷിക വിളയല്ലെന്ന്​ കേ​ന്ദ്രം ആനുകൂല്യങ്ങൾ നഷ്​ടപ്പെടുമെന്ന ആശങ്കയിൽ കർഷകർ

കോട്ടയം: റബറിനെ കാർഷിക വിളയായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര കൃഷി മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയതോടെ ആനുകൂല്യങ്ങൾക്ക് പോലും അർഹതയില്ലാതെ റബർ കർഷകർ. ഇതുസംബന്ധിച്ച വാണിജ്യമന്ത്രാലയത്തി​െൻറ ഫയൽ കൃഷി മന്ത്രാലയം തിരിച്ചയച്ചതോടെ കർഷകർ കടുത്ത നിരാശയിലായി. റബറിനെ കാർഷിക വിളയായി അംഗീകരിക്കാത്തതിനാൽ കർഷകർക്ക് കാർഷിക വിളക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇത് ലഭിക്കാനുള്ള സാധ്യത തേടിയാണ് കാർഷിക വിളയായി പരിഗണിക്കുന്നതിനുള്ള നിർദേശം വാണിജ്യമന്ത്രാലയം കൃഷിമന്ത്രാലയത്തിന് കൈമാറിയത്. ഇത് നിരാകരിക്കപ്പെട്ടതോടെ റബർകൃഷിക്കുള്ള നിരവധി ആനുകൂല്യങ്ങൾ നഷ്ടമാകും. ഫലത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനംപോലുമില്ലാത്ത അവസ്ഥയിലാണ് കർഷകർ. ടയർ കമ്പനികൾ, ലാറ്റക്സ്, റബർഷീറ്റ് ഉൽപാദകർ, തുടങ്ങി പതിനാറോളം വരുന്ന പ്രതിനിധികളിൽ ഒന്നുമാത്രമായതിനാൽ സമ്മർദശക്തിയായി മാറാനും കർഷകർക്ക് കഴിയില്ല. റബർനയത്തിന് രൂപം നൽകുമെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം റബർ കർഷകരുടെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞമാസം വിളിച്ചുചേർത്ത യോഗത്തിൽ ചില നിർേദശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇതിനായി കേന്ദ്രവാണിജ്യമന്ത്രി കേരളത്തിൽ എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള പ്രതീക്ഷയും ഇതിലാണ്. നിലവിൽ റബറിനുള്ള മിക്ക ആനുകൂല്യങ്ങളും നിലച്ചമട്ടാണ്. റബർ ബോർഡും കടുത്തപ്രതിസന്ധിയിലാണ്. ആവർത്തന-പുതുകൃഷികൾക്കുള്ള ആനുകൂല്യങ്ങളും നൽകുന്നില്ല. റബർ കാർഷിക വിളയായി പ്രഖ്യാപിച്ചാൽ അത് അന്താരാഷ്ട്ര കരാറുകൾക്ക് വിരുദ്ധമാകുമെന്നതാണ് പ്രധാന തടസ്സം. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് കൃഷിമന്ത്രി പുരുഷോത്തം രൂപാലയാണ് കേന്ദ്ര നിലപാട് കഴിഞ്ഞദിവസം ലോക്സഭയിൽ വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.