പഞ്ചശീലങ്ങളുമായി എൻ.എസ്​.എസ്​

പത്തനംതിട്ട: സമുദായ അംഗങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധയൂന്നി നായർ സർവിസ് സൊസൈറ്റി. 'നമ്മുടെ ആരോഗ്യം' എന്ന പദ്ധതിയിലൂടെ ആരോഗ്യസംരക്ഷണ രംഗത്ത് നിശ്ശബ്ദവിപ്ലവം സൃഷ്ടിക്കുകയാണ് എസ്.എസ്.എസ്. ഇൗ വർഷാവസാനത്തോടെ ആറായിരത്തോളം കരയോഗങ്ങളിലായി എഴുപതിനായിരത്തോളം ആരോഗ്യ പ്രവർത്തകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനൊപ്പം ജീവിതശൈലീരോഗങ്ങളെ നേരിടാൻ പഞ്ചശീലങ്ങളും പഠിപ്പിക്കുന്നു. ആരോഗ്യമുള്ള ഭക്ഷണം, ദിവസവും വ്യായാമം, ലഹരിയോട് വിട, വാർഷിക വൈദ്യ പരിശോധന, യോഗവും ധ്യാനവും എന്നിവയാണ് പഞ്ചശീലങ്ങൾ. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും രോഗം ബാധിച്ചവരുടെ ജീവിതചര്യകളിൽ മാറ്റം വരുത്തി ആരോഗ്യവന്മാരാക്കുകയുമാണ് ലക്ഷ്യമെന്ന് എൻ.എസ്.എസ് മാനവവിഭവശേഷി വകുപ്പ് പറയുന്നു. 2016ലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനോടകം 60 താലൂക്ക് യൂനിയൻ തലത്തിലായി ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി. രക്തസമ്മർദം, പ്രമേഹം എന്നിവയെക്കെ സ്വയംപരിശോധിക്കാൻ 43,400 പേർക്ക് പരിശീലനം നൽകി. രണ്ടാം ഘട്ടത്തിലാണ് കരയോഗങ്ങളിലേക്കും അതിലൂടെ മുഴുവൻ സമുദായ അംഗങ്ങൾക്ക് ഇടയിലേക്കും എത്തുന്നത്. ഡിസംബർ 31നകം കരയോഗങ്ങളിൽ ക്യാമ്പുകൾ പൂർത്തീകരിക്കും. ഇതിനൊപ്പം രണ്ട് ആരോഗ്യ നിരീക്ഷകർ, പത്ത് ആരോഗ്യ വളൻറിയർമാർ എന്നിവരെയും ഇവിടെ നിന്ന് തെരഞ്ഞെടുക്കും. ഇവർ വീടുകൾ സന്ദർശിച്ച് ഹെൽത്ത് കാർഡുകൾ തയാറാക്കും. പരിശോധനകൾ നടത്തുന്നതും പഞ്ചശീലങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതും ആരോഗ്യപ്രവർത്തകരായിരിക്കും. ജൈവകൃഷി, പരിസ്ഥിതി സംരക്ഷണ ബോധവത്കരണം, രക്ത ഗ്രൂപ് നിർണയ ക്യാമ്പുകൾ, പ്രഥമ ശുശ്രൂഷ ക്യാമ്പുകൾ എന്നിവയും കരയോഗങ്ങളിൽ സംഘടിപ്പിക്കും. നമ്മുടെ ആരോഗ്യം പദ്ധതിയുടെ നോഡൽ ഒാഫിസറായി ഡോ. ബി. പദ്മകുമാറിനെ നിയോഗിച്ചിട്ടുണ്ട്. അതത് യൂനിയൻതലങ്ങളിൽ ഡോക്ടർമാർ അടങ്ങുന്ന സംഘം പ്രവർത്തനം ഏകോപിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.