* മൂന്നാർ ഡിവിഷന് കീഴിൽ 54 ഇടങ്ങളിൽ കാട്ടുതീ തൊടുപുഴ: ജില്ലയിൽ ഒരുവർഷത്തിനിടെ കത്തിനശിച്ചത് 699.3 ഹെക്ടർ വനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വനം വകുപ്പ് നൽകിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷം മൂന്നാറടക്കമുള്ള വനമേഖലയിൽ വ്യാപക കാട്ടുതീ ഉണ്ടായ വിവരം വ്യക്തമാകുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്. മൂന്നാർ ഡിവിഷന് കീഴിൽ 54 ഇടങ്ങളിലാണ് കാട്ടുതീ ഉണ്ടായത്. 318.30 ഹെക്ടർ വനഭൂമിയാണ് ഇവിടെ കത്തിയമർന്നത്. എന്നാൽ, ഇവിടെ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വനം വകുപ്പിെൻറ വിശദീകരണം. കത്തിനശിച്ചവ പുൽമേടുകളാണെന്നും ഇവർ അവകാശപ്പെടുന്നു. മറയൂർ വനമേഖലയിൽ 9.50 ഹെക്ടർ, മാങ്കുളം 38.50, പെരിയാർ ഇൗസ്റ്റ് 65 ഹെക്ടർ, പെരിയാർ വെസ്റ്റ് 65 ഹെക്ടർ, മൂന്നാർ വനമേഖലയിൽ മാത്രം 171 ഹെക്ടറും ഇടുക്കി വനമേഖലയിൽ 22 ഹെക്ടറും വനം കാട്ടുതീയിൽ നശിച്ചു. ഫയർ ലൈനുകൾ തെളിക്കാനും മറ്റുമായി സംസ്ഥാനത്ത് കോടികളാണ് ഒാരോവർഷവും ചെലവഴിക്കുന്നത്. എന്നാൽ, ഇവയൊന്നും ഗുണം ചെയ്യുന്നില്ല. ഇത്തവണ മൂന്നാറിലെ ചോലവനങ്ങളിലും കാട്ടുതീ വ്യാപകമായിരിക്കുകയാണ്. വരയാടുകള്‍ യഥേഷ്ടമുള്ള ഇരവികുളത്ത് 10 ഹെക്ടര്‍ ഭൂമിയും സൈലൻറ്വാലിയില്‍ ഏക്കർ കണക്കിന് ചോലവനങ്ങളും കത്തിനശിച്ചു. പെരിയാർ ടൈഗർ റിസർവിലെ മുറിഞ്ഞപുഴ വനത്തിൽ 300 ഹെക്ടറോളം വനഭൂമിയാണ് കത്തിനശിച്ചത്. ജില്ല ആസ്ഥാനത്ത് മീൻമുട്ടി വനമേഖലയുൾപ്പെടെ 120 ഹെക്ടറോളം സ്ഥലമാണ് കാട്ടുതീയിൽ ചാമ്പലായത്. കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമല മുതൽ കുളമാവ് വരെയുള്ള വനമാണ് തീ വിഴുങ്ങിയത്. എന്നാൽ, ഇടുക്കി വനമേഖലയിൽ ഇത്തവണ പുൽമേടുകൾക്കാണ് തീപിടിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്. വേനൽ കനത്തതോടെ ജില്ലയിലെ ഭൂരിഭാഗം വനപ്രദേശങ്ങളിലും ഫയർലൈൻ തെളിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദിവാസി കുടിയിലേക്കുള്ള റോഡ് ടാറിങ്ങിന് വനം വകുപ്പിെൻറ തടസ്സവാദം അടിമാലി: പ്ലാമലക്കുടി ആദിവാസിക്കുടിയിലേക്കുള്ള റോഡ് വികസനത്തിന് വനം വകുപ്പിെൻറ ചുവപ്പുകാർഡ്. കുടിയിലേക്ക് വനത്തിനുള്ളിലൂടെയുള്ള റോഡ് ടാറിങ് ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി കരാറുകാരന് നോട്ടീസ് നൽകി. ഇതോടെ പ്രതിഷേധവുമായി ആദിവാസികൾ രംഗത്തുവന്നു. അടിമാലി ഗ്രാമപഞ്ചായത്ത് 11ാം വാർഡായ പ്ലാമലക്കുടിയിൽ മുതുവാൻ സമുദായക്കാർ മാത്രമാണുള്ളത്. ഇവർ പുറംലോകവുമായി ബന്ധപ്പെടുന്ന റോഡാണിത്. ഈ റോഡിെൻറ കല്ലാർ വഴിയും കൊരങ്ങാട്ടി വഴിയും അടിമാലിയെ ബന്ധിപ്പിക്കുന്ന ഭാഗത്താണ് വനം വകുപ്പിെൻറ തടസ്സം. കൊരങ്ങാട്ടി-പ്ലാമലക്കുടി റോഡിൽ മണൽക്കവല ഭാഗത്തുെവച്ച് റോഡിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് സ്റ്റേ നൽകിയെന്നാണ് ആദിവാസികളുടെ പരാതി. 2012-13ലായിരുന്നു പ്ലാമലക്കുടി-കുരങ്ങാട്ടി റോഡിെൻറ നിർമാണ ജോലികൾക്ക് തുടക്കംകുറിച്ചത്. നബാഡിൽനിന്ന് അനുവദിച്ച ആദിവാസി ക്ഷേമ ഫണ്ടാണ് റോഡിെൻറ നിർമാണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത്. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിെട കരാറുകാരൻ മരിച്ചതോടെ തുടർ ജോലികൾ നിലച്ചു. ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു റീടെൻഡർ ക്ഷണിച്ച് ടാറിങ് ജോലികൾ പുനരാരംഭിച്ചത്. ടാറിങ്ങിനായി അനുമതി ലഭിച്ച ഭാഗമൊഴിച്ചാൽ വനത്തിനുള്ളിലൂടെ ഗോത്രമേഖലയിലേക്കുള്ള റോഡ് ഏറെക്കുറെ കോൺക്രീറ്റ് ചെയ്തിട്ടുള്ളതാണ്. ഈ റോഡുമായി ബന്ധിക്കാൻ 300 മീറ്റർ മാത്രം ബാക്കിനിൽക്കെയാണ് വനം വകുപ്പ് തടസ്സം സൃഷ്ടിച്ചത്. നാലുവർഷത്തിന് മുമ്പ് റോഡിൽ മെറ്റൽ വിരിച്ചപ്പോഴും ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡിൽ സോളിങ് ഉൾപ്പെടെയുള്ള ജോലി നടത്തിയപ്പോഴും എതിർക്കാതിരുന്ന വനംവകുപ്പ് ടാറിങ് ജോലികൾക്ക് തടയിട്ടത് ഗോത്രജനതക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കുരങ്ങാട്ടി-പ്ലാമലക്കുടി റോഡിെൻറ ഭൂരിഭാഗം മേഖലയും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നതെന്നും വനം വകുപ്പെൻറ നീക്കം ആദിവാസികളോടുള്ള വെല്ലുവിളിയാണെന്നും മുതുവാൻ ജനത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.