പത്തനംതിട്ട: എന്താണ് ഫാഷിസമെന്ന് പരിചയപ്പെടുത്തി ഫാ. ജോർജ് ഡി. വെള്ളാപ്പള്ളിയുടെ പുസ്തകം. കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിലും ഇറ്റലിയിലും നിലവിലുണ്ടായിരുന്ന ഫാഷിസം ഭാവിയിൽ ഇന്ത്യയിലും വന്നേക്കാമെന്ന നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫാഷിസത്തെക്കുറിച്ചുള്ള ലഘുപഠനം. ഒാരോ രാജ്യത്തിലും ഫാഷിസം പത്തിവിടർത്തുന്നത് പല രൂപത്തിലായിരിക്കും. ഇന്ത്യയിൽ മതാധിഷ്ഠിത സവർണ ഫാഷിസമാകാം. ശക്തമായ രാജ്യം, ശക്തനായ നേതാവ് എന്നത് കഴിഞ്ഞ നൂറ്റാണ്ടിൽ ജർമനിയിൽ മുഴങ്ങിക്കേട്ട വാക്കുകൾക്ക് സമാനമാണെന്നും പുസ്തകത്തിൽ പറയുന്നു. ക്ലാസിക്കൽ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ ഇവിടെ സമഗ്രാധിപത്യ ഭരണകൂടം സൃഷ്ടിക്കണമെന്നില്ല. മറിച്ച് സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രമാകാം ലക്ഷ്യം. ദേശഭക്തി, വംശീയ മഹിമ, സംസ്കാര ശുദ്ധി തുടങ്ങിയ മുദ്രാവാക്യങ്ങളുമായി മുന്നേറാൻ സാധ്യതയുണ്ടെന്നും 'പ്രബുദ്ധ ഭാരതം ഒാർമകളും സ്വപ്നങ്ങളും' എന്ന പേരിലുള്ള പുസ്തകത്തിൽ പറയുന്നു. ഡോ. സുകുമാർ അഴീക്കോടിൻറ നേതൃത്വത്തിൽ രൂപവത്കരിച്ച നവഭാരതവേദിയുടെ ഭാരവാഹിയായിരുന്ന വെള്ളാപ്പള്ളിയച്ചൻ കോഴഞ്ചേരി ആൻസ് ഭവനിൽ വിശ്രമജീവിതം നയിക്കുകയാണിപ്പോൾ. ഗാന്ധിവാദം: ഒരാമുഖം എന്ന അധ്യായത്തോടെയാണ് തുടക്കം. വിനോബാഭാവേ, ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, ഗുൽസാരിലാൽ നന്ദ, ആചാര്യ കൃപലാനി, സുചേത കൃപലാനി തുടങ്ങിയ ദേശീയ നേതാക്കളെയും എ.എം. തോമസ്, കെ.ഇ. മാമ്മൻ, ഡോ. സുകുമാർ അഴീക്കോട്, ഡോ.കെ.പി. അപ്പൻ തുടങ്ങി കേരളത്തിൽ മദ്യ നിരോധന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ലക്ഷ്മി എൻ. മേനോൻ, എം.പി. മന്മഥൻ തുടങ്ങിയവരെയും പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു. ബിഷപ് മാത്യു കാവുക്കാട്ട്, പാമ്പാടി തിരുമേനിയെന്ന കുര്യാക്കോസ് മാർ ഗ്രിഗോറിയോസ് എന്നിവരെക്കുറിച്ചും ഗ്രന്ഥത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.