കോട്ടയം: രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡേഴ്സിനായി സംസ്ഥാന സാക്ഷരത മിഷൻ തുടക്കമിട്ട സൗജന്യ തുടർവിദ്യാഭ്യാസ പദ്ധതിക്ക് കീഴിലെ പഠിതാക്കൾക്ക് ഇനി സ്കോളർഷിപ്പും ഷെൽറ്റർ ഹോമും. നാലാംതരം മുതൽ പത്താംതരം തുല്യത വരെയുള്ള പഠിതാക്കൾക്ക് 1000 രൂപയും ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്ക് 1250 രൂപയും പ്രതിമാസം സ്കോളർഷിപ് നൽകാനാണ് സാക്ഷരത മിഷൻ തീരുമാനം. പഠിതാക്കൾക്ക് പിന്തുണയും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ടാണ് സ്കോളർഷിപ് നൽകുന്നതെന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. കൂടുതൽ ട്രാൻസ്ജെൻഡേഴ്സ് പഠിക്കുന്നതും പ്രത്യേകം ക്ലാസുകൾ നടത്തുന്നതുമായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഷെൽറ്റർ ഹോം ആരംഭിക്കുക. താമസത്തിന് പുറമെ ഭക്ഷണവും ഇവിടെനിന്ന് സൗജന്യമായി നൽകും. ഹോസ്റ്റൽ നടത്തിപ്പിന് വാർഡനെയും നിയോഗിക്കും. അധ്യയനങ്ങൾക്ക് പുറമെയുള്ള ദിവസങ്ങളിലും ഇവിടെ താമസിക്കാം. ഷെൽറ്റർ ഹോം കേന്ദ്രീകരിച്ച് തൊഴിൽ പരിശീലനവും നൽകും. സംസ്ഥാനത്ത് മൊത്തം 145 ട്രാൻസ്ജെൻഡറുകളാണ് സാക്ഷരത മിഷെൻറ വിവിധ തുല്യത കോഴ്സുകളിൽ പഠനം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽപേർ പഠിക്കുന്നത്. 10ൽ കൂടുതൽ പേർ ഉണ്ടെങ്കിൽ ഇവർക്കായി പ്രത്യേകം ക്ലാസ് ആരംഭിക്കും. ഇതിൽ താഴെയുള്ള ജില്ലകളിൽ പൊതുവായ ക്ലാസുകളിലാണ് പഠനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായുള്ള പ്രത്യേകം ക്ലാസുകൾക്കായി മൊത്തം 45 അധ്യാപകരാണുള്ളത്. പത്താംതരത്തിന് ഒമ്പത് വിഷയങ്ങളും ഹയർ സെക്കൻഡറിക്ക് ആറ് വിഷയങ്ങളുമുണ്ട്. അധ്യാപകരിൽ ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽനിന്നുള്ളവരും ഉൾപ്പെടുന്നു. സ്കോളർഷിപ് വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.