നിര്‍മാണങ്ങളുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കാന്‍ അനുവദിക്കില്ല -മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കാന്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും അനുവദിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നവീകരിച്ച പത്തനംതിട്ട-താഴൂര്‍ക്കടവ് റോഡ് ഉദ്ഘാടനം വാഴമുട്ടം ഗവ. യു.പി സ്‌കൂള്‍ ജങ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാറിനു കഴിഞ്ഞു. നിശ്ചയിക്കപ്പെട്ട കാലാവധിക്കുള്ളിലും അതിനു മുമ്പും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 600 കി.മീ. നീളത്തില്‍ 6500 കോടി ചെലവില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവേക്കുള്ള പദ്ധതി തയാറായി വരുന്നു. അനാവശ്യവിവാദങ്ങളുണ്ടാക്കി വികസനത്തിനു തുരങ്കംവെക്കുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ജനക്ഷേമകരമായ പദ്ധതികളെ അട്ടിമറിക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം പ്രതിലോമശക്തികളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിശ്ചയദാർഢ്യത്തോടെ നേരിടും. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് അംഗം ശ്രീവിദ്യ, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി. ബിനു, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഓമല്ലൂര്‍ ശങ്കരന്‍, സജികുമാര്‍ എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട മുതല്‍ താഴൂര്‍ക്കടവ് ക്ഷേത്രം ജങ്ഷന്‍വരെയുള്ള നാലു കി.മീ. റോഡ് 3.17 കോടി ചെലവഴിച്ചാണ് നവീകരിച്ചത്. 5.5 മീറ്റര്‍ വീതിയില്‍ ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡി​െൻറ വശങ്ങളില്‍ ഇൻറര്‍ലോക് ടൈല്‍സ് പാകിയും സംരക്ഷണ ഭിത്തി നിര്‍മിച്ചുമാണ് നവീകരിച്ചിട്ടുള്ളത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ പത്തനംതിട്ടയിൽനിന്ന് കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്കുള്ള യാത്ര കൂടുതല്‍ വേഗത്തിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.