ഇടുക്കി: പൂപ്പാറയിൽ ഏലത്തോട്ടം കാവൽക്കാരനെ കാട്ടാന തുമ്പിക്കൈക്ക് അടിച്ചുവീഴ്ത്തി കുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി മണ്ണിട്ടുമൂടി. പുത്തുപ്പാറ എസ്റ്റേറ്റ് ലൈൻസിലെ താമസക്കാരൻ പി. വേലുവിനെയാണ് (-55) കാട്ടാന കൊലപ്പെടുത്തിയത്. പൂപ്പാറ മൂലത്തുറയിൽ ഏലത്തോട്ടം കാവൽക്കാരനായ വേലു ശനിയാഴ്ച രാവിലെ ആറരയോടെ പുതുപ്പാറയിൽനിന്ന് മൂലത്തുറയിലെ തോട്ടത്തിലേക്ക് നടന്നുവരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. അടിച്ചുവീഴ്ത്തിയ ശേഷം തോട്ടത്തിൽ ഏലത്തൈ നടാനെടുത്ത മൂന്നടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വേലുവിനെ ചവിട്ടിത്താഴ്ത്തിയ ആന കുഴി മണ്ണിട്ടുമൂടിയാണ് സ്ഥലംവിട്ടത്. വേലുവിെൻറ കാലുകൾ മണ്ണിനുപുറത്ത് കാണാമായിരുന്നു. ഇതുവഴി വന്ന സഹപ്രവർത്തകർ കൂടിയായ തൊഴിലാളികൾ ആനയുടെ ചിന്നംവിളി കേട്ടിടത്തേക്ക് വന്നുനോക്കിയപ്പോൾ മണ്ണിട്ടുമൂടിയ കുഴിയിൽനിന്ന് തള്ളിനിൽക്കുന്ന കാലുകളാണ് കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് കൂടുതൽ തൊഴിലാളികൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വേലുവിെൻറ തലയും നെഞ്ചും തകർന്നിരുന്നു. കഴിഞ്ഞവർഷം കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിെവച്ച് ഇവിടെനിന്ന് കൊണ്ടുപോകാൻ ശ്രമിച്ച കുറിവാലൻ കൊമ്പനാണ് വേലുവിനെ കൊന്നതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാർ ആറുമണിക്കൂറോളം റോഡ് ഉപരോധിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കാട്ടാനശല്യത്തിനെതിരെ നടപടിയെടുക്കാത്ത വനപാലകർ സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം നീക്കുന്നതിന് പൊലീസിനെ നാട്ടുകാർ അനുവദിച്ചില്ല. വനപാലകർ എത്താതിരുന്നതോടെ പ്രകോപിതരായ നാട്ടുകാർ മൃതദേഹവുമായി പൂപ്പാറ ടൗണിൽ എത്തിയായിരുന്നു ഉപരോധം. വിവരമറിഞ്ഞ് ജില്ല കലക്ടർ, ഇടുക്കി സബ് കലക്ടർ വിനോദിനെ അയച്ചെങ്കിലും അനുനയചർച്ച പരാജയപ്പെട്ടു. ഒടുവിൽ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി, മൂന്നാർ ഡിവൈ.എസ്.പി പി. പയസ് ജോർജ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുജീന്ദ്രൻ എന്നിവരും പൊലീസ് സംഘവുമെത്തി നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല. മൂന്നാംവട്ടം സബ് കലക്ടറും മൂന്നാർ വൈൽഡ് ലൈഫ് വാർഡനും ചേർന്ന് നടത്തിയ ചർച്ചയിൽ വൈദ്യുതി വേലി സ്ഥാപിക്കാമെന്നും പ്രദേശത്തെ അഞ്ചുപേരെ വനംവകുപ്പ് വാച്ചർമാരായി നിയമിക്കുമെന്നും ശമ്പളം വനംവകുപ്പ് നൽകുമെന്നും ഒത്തുതീർപ്പുണ്ടാക്കി. റാപിഡ് റെസ്പോൺസ് ടീമിെൻറ സേവനവും ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുപോയത്. ബോഡിമെട്ട് വഞ്ചിവില്ലൈ തെരുവിൽ താമസിക്കുന്ന പളനി തേവരുടെ മകനാണ് വേലു. രണ്ടു ഭാര്യമാരും മൂന്ന് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.