തൊടുപുഴ: വിവിധ മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി പത്തനംതിട്ട തോണിക്കുഴി പരിയപ്ലാക്കൽ ചെരിവുപുത്തൻ വീട്ടിൽ ഷാജഹാൻ (ഷാജി -44) തൊടുപുഴ പൊലീസിെൻറ പിടിയിലായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിവിധ സ്‌റ്റേഷൻ പരിധികളിൽ മോഷണക്കേസുകളുണ്ട്. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയുടെ മണക്കാട് ജങ്ഷനിലുള്ള എസ്താപ്പാനോസ് കപ്പേളയിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പിടിയിലാകുമ്പോൾ നേർച്ചപ്പെട്ടിയിൽനിന്ന് മോഷ്ടിച്ച 320 രൂപയുടെ നാണയങ്ങളും നോട്ടുകളും കൈവശമുണ്ടായിരുന്നു. ജോലി അന്വേഷിച്ച് വന്നതാണെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുപ്രസിദ്ധ മോഷ്ടാവാണെന്ന് വ്യക്തമായത്. നേമം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ 30ന് ഒറ്റരാത്രിയിൽ ആറ് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയത് ഇയാളായിരുന്നു. സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് ചിത്രം ലഭിച്ചിരുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ കേസിലും പത്തനംതിട്ടയിൽ ക്ഷേത്രമോഷണ കേസിലും ഷാജി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലയിൽ ഭവനഭേദന കേസും കോട്ടയം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. ഈ മാസം രണ്ടിന് കാഞ്ഞാർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മൂലമറ്റം പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർച്ച നടത്തിയിരുന്നു. പത്തനംതിട്ട പൊലീസ് സ്‌റ്റേഷനിൽ പൊലീസുകാരനെ വെട്ടിപ്പരിക്കേൽപിച്ച കേസിലും പ്രതിയാണ്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് രണ്ടര വർഷമായി തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്ന ഷാജി പുറത്തിറങ്ങിയാണ് വീണ്ടും മോഷണം നടത്തിവന്നിരുന്നത്. പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മലവിസർജനം നടത്തി പിടിക്കാനെത്തുന്നവരുടെ മേൽ എറിഞ്ഞതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു രീതി. കൂട്ടാളിയായ അമ്പിളി സന്തോഷിനൊപ്പമാണ് മൂവാറ്റുപുഴയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷാജി പിടിയിലായതറിഞ്ഞ് വിവിധ സ്‌റ്റേഷനുകളിൽനിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.