ഇഷ്​ട ടീം ജയിക്കണമെന്ന്​ മാത്രമല്ല; ഒരു പ്രാർഥന കൂടിയുണ്ട്​- 'മ​​േഴ, കളിക്കല്ലേ...'

കോട്ടയം: നിപ അടക്കമുള്ള പനികളെയെല്ലാം മാറ്റിനിർത്തി കേരളം ഇൗ മഴക്കാലത്ത് മറ്റൊരു ജ്വരത്തെ വരവേൽക്കുകയാണ്- ഫുട്ബാൾ ജ്വരം. ഫ്ലെക്സ് ബോർഡുകളിലെ വാക്കുകൾക്കൊണ്ടുള്ള പോരിന് അറുതിയാകുന്നു; ഇനി നെഞ്ചിടിപ്പേറ്റുന്ന പോരാട്ടദിനങ്ങൾ. കാത്തിരിപ്പ് അവസാനിപ്പിച്ച് റഷ്യയിൽനിന്ന് ആരാധക ഹൃദയങ്ങളിലേക്ക് പന്ത് ഉരുളാൻ ഇനി മണിക്കൂറുകൾ മാത്രം. റഷ്യ വിരുന്നൊരുക്കുന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തി​െൻറ ആവേശം മധ്യകേരളത്തിലും ഒട്ടും കുറവല്ല. ഇഷ്ട ടീം ജയിക്കണേയെന്ന് മാത്രമല്ല, ഇൗ മഴക്കാലത്ത് മറ്റൊരു പ്രാർഥന കൂടിയുണ്ട് ഫുട്ബാൾ ആരാധകർക്ക് -മഴയത്തും കാറ്റത്തും കറൻറ് പോകരുതേ എന്ന്. മഴയും കാറ്റും ൈവദ്യുതി തടസ്സമുണ്ടാക്കുമോയെന്ന ആശങ്കയാണ് ആരാധനക്കൂട്ടങ്ങൾ പങ്കുവെക്കുന്നത്. അതേസമയം, മഴയിൽ ആവേശം തണുത്തിട്ടുമില്ല. പ്രിയ ടീമി​െൻറ ജേഴ്സിയണിഞ്ഞ ചെറുപ്പക്കാരുടെ കൂട്ടം ഗ്രാമങ്ങളിൽ സജീവ കാഴ്ചയാണ്. ഇരുചക്രവാഹനങ്ങളിലും ഇഷ്ട ടീമുകളുടെ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ജേഴ്സികൾ ധരിച്ചാണ് പലരുടെയും ടൂവീലർ യാത്രകൾ. ദിവസങ്ങൾക്ക് മുമ്പുതന്നെ ടീമംഗങ്ങളുടെ ചിത്രങ്ങൾ നിറച്ച കൂറ്റൻ ബോർഡുകൾ ഉയർന്നിരുന്നു. എതിരാളികൾക്കുനേരെ കുറിക്കുകൊള്ളുന്ന കിടിലൻ ഡയലോഗുകളാണ് മിക്ക ബോർഡുകളിലും ഉള്ളത്. 'ചങ്കല്ല, ചങ്കിടിപ്പാണ് റൊണാൾഡോ' എന്നാണ് തലയോലപ്പറമ്പിലെ പോർചുഗൽ ആരാധകരുടെ ബോർഡിലെ പഞ്ച് വാചകം. 'റഷ്യൻ സുന്ദരിക്ക് മുത്തവും നൽകി മഞ്ഞക്കുപ്പായക്കാർ കനകക്കിരീടം വാനിലേക്കുയർത്തും' എന്ന് എഴുതിവെച്ചാണ് ബ്രസീൽ പക്ഷക്കാർ തിരിച്ചടിച്ചത്. 'ഫ്രഞ്ച് വിപ്ലവം ഇനി റഷ്യൻ മണ്ണിൽ' എന്ന് എഴുതി ഫ്രാൻസിനും വന്നു കൂറ്റൻ ബോർഡ്. വിരട്ടലും വിലപേശലും നീലപ്പടയോട് വേണ്ടെന്നായി അർജൻറീനക്കാർ. കുടമാളൂരിനടുത്ത് പുളിഞ്ചുവടിൽ ഹോട്ടലി​െൻറ മുൻഭിത്തി അർജൻറീന േജഴ്സിയുടെ നിറത്തിലാക്കിയപ്പോൾ തൊട്ടടുത്ത കടക്ക് ബ്രസീലി​െൻറ മഞ്ഞച്ചായമടിച്ചാണ് ആരാധകർ മറുപടി കൊടുത്തത്. മതിലുകളിലും ഇഷ്ട ടീമി​െൻറ നിറമടിച്ച് കൂറ് പ്രഖ്യാപിച്ചവരുണ്ട്. ഇങ്ങനെ ഒരുമാസമായി ഫ്ലക്സുകൾ ഉയർത്തി നടത്തിയ പോരാട്ടത്തിനും അവസാനമാവുകയാണ്. ഇനിയുള്ള ദിനങ്ങൾ ടെലിവിഷനിലേക്ക് കണ്ണും കാതും കൂർപ്പിക്കും. മത്സരങ്ങൾ ബിഗ് സ്ക്രീനിൽ കാണാനുള്ള തയാറെടുപ്പുകളും തകൃതിയാണ്. സെമി, ഫൈനൽ മത്സരങ്ങൾക്കായാണ് ഭൂരിഭാഗം ബിഗ് സ്ക്രീൻ ഒരുക്കുന്നത്. കോട്ടയം നഗരത്തിലെ ഹോട്ടലുകളിലും മത്സരങ്ങൾ വലിയ സ്ക്രീനിൽ കാണാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബ്രസീൽ, അർജൻറീന, ജർമനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കാണ് മധ്യകേരളത്തിൽ കൂടുതൽ ആരാധകർ. അവസാന നിമിഷം ടീം കോച്ചിനെ പുറത്താക്കിയ തീരുമാനം സ്പാനിഷ് അരാധകരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.