അടിമാലി (ഇടുക്കി): മൂന്നാറിനടുത്ത് ആനച്ചാലിൽ സംസ്ഥാനപാതയോട് ചേർന്ന ബഹുനില മന്ദിരം മഴയിൽ ഇടിഞ്ഞ സംഭവത്തിൽ റവന്യൂ വകുപ്പ് സമഗ്ര അന്വേഷണത്തിന്. ദേവികുളം സബ് കലക്ടർ േപ്രംകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അനധികൃതവും അപകടാവസ്ഥയിലുള്ളതുമായ നിർമാണങ്ങൾ സംബന്ധിച്ച് തഹസിൽദാറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സബ് കലക്ടറുടെ നിർദേശം. പ്രദേശത്തെ റിസോർട്ടുകളിൽ 15 എണ്ണത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നും മൂന്ന് റിസോർട്ടുകൾ അപകടാവസ്ഥയിലാണെന്നും പള്ളിവാസൽ, കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 10 റിസോർട്ടുകളുടെ അനധികൃത നിർമാണവും റവന്യൂ സംഘം കണ്ടെത്തി. പള്ളിവാസൽ വില്ലേജിൽ മൂന്നും കുഞ്ചിത്തണ്ണി വില്ലേജിൽ ഏഴും അനധികൃത നിർമാണമാണ് കണ്ടെത്തിയത്. ഈ റിസോർട്ടുകളുടെ നിർമാണം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകിയതായി അധികൃതർ അറിയിച്ചു. ഒരുവർഷം മുമ്പ് പള്ളിവാസൽ വില്ലേജിൽ പൈപ്പ് ലൈനിന് സമീപം റിസോർട്ടിലേക്ക് മലമുകളിൽനിന്ന് കൂറ്റൻ പാറ അടർന്നുവീണ് റിസോർട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾ തകർന്നിരുന്നു, അഞ്ചുമാസം മുമ്പ് രണ്ടാംമൈലിൽ മണ്ണിടിച്ചിലിൽ അപകടാവസ്ഥയിലായ ആറ് റിസോർട്ടുകളുടെ പ്രവർത്തനം മരവിപ്പിച്ച സംഭവവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സബ് കലക്ടർ സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ആനച്ചാലിൽ ഇടിഞ്ഞ കെട്ടിടേത്താട് ചേർന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ചൊവ്വാഴ്ച നിർമാണം നടക്കുന്നത് നാട്ടുകാർ സംഘടിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് റവന്യൂ സംഘമെത്തി നിർമാണം തടഞ്ഞു. വീടുവെക്കാൻ നൽകുന്ന അനുമതിയുടെ മറവിലാണ് മേഖലയിൽ വാണിജ്യ കെട്ടിടങ്ങൾ പണിതുയർത്തുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ വിശദാംശവും റവന്യൂ വകുപ്പ് ശേഖരിച്ച് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.