കോട്ടയം: കനത്തമഴയിൽ കോട്ടയത്ത് 2.20 കോടിയുടെ കൃഷിനാശം. കൃഷിവകുപ്പിെൻറ കണക്കനുസരിച്ച് രണ്ടാഴ്ചക്കുള്ളിൽ 52.05 ഹെക്ടറിെല കൃഷിയാണ് നശിച്ചത്. കണക്കെടുപ്പ് പൂർത്തിയായി വരുന്നതിനാൽ ഇനിയും നഷ്ടകണക്ക് ഉയരാനാണ് സാധ്യത. അപ്പർകുട്ടനാട് മേഖലയിലടക്കം ഏറ്റവും കൂടുതൽ നാശം നെൽകൃഷിക്കാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 23.08 ഹെക്ടറിലെ നെൽകൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. ഇക്കൂട്ടത്തിൽ വിതച്ച് ഏതാനും ദിവസം പ്രായമായ നെല്‍ച്ചെടികളും ഉൾപ്പെടും. ടാപ്പ് ചെയ്ത 8.24 ഹെക്ടറിലെയും ടാപ്പ് ചെയ്യാത്ത 2.90 ഹെക്ടറിലെയും റബർ മരങ്ങൾ ഒടിഞ്ഞിട്ടുണ്ട്. വാഴ, കപ്പ, പച്ചക്കറി, ജാതി ഉൾപ്പെടെ വ്യാപക കൃഷിയാണ് നശിച്ചത്. 9.96 ഹെക്ടറിലെ കുലച്ച വാഴകളാണ് നശിച്ചത്. ഓണക്കാലത്തേക്ക് വേണ്ടി കൃഷി ചെയ്ത കുലച്ച നേന്ത്രവാഴകളും ഏറെയുണ്ട്. വിവിധയിടങ്ങളിലായി 1.26 ഏക്കറിലെ കുലക്കാത്ത വാഴകളും ഉൾപ്പെടുന്നു. വൈക്കം, മീനച്ചില്‍, കോട്ടയം താലൂക്കുകളിലായി രണ്ടുഹെക്ടറിലെ പച്ചക്കറിയും 0.20 ഹെക്ടറിലെ നാളികേരവും നശിച്ചു. കായ്ഫലമുണ്ടായിരുന്ന 3.20 ഹെക്ടറിലേതും കായ്ഫലമില്ലാത്ത 0.20 ഹെക്ടറിലെയും ജാതികൃഷിയും വിവിധയിടങ്ങളിലായി 0.16 ഹെക്ടറിലെ കുരുമുളക് കൃഷിക്കും നാശംനേരിട്ടു. ഒരു ഹെക്ടറിലെ കപ്പ കൃഷിയും 0.15 ഹെക്ടറിലെ കവുങ്ങ് കൃഷിയും നശിച്ചതായി അധികൃതർ അറിയിച്ചു. കാര്‍ഷിക മേഖലയിലെ തകർച്ചയിൽ വീർപ്പുമുട്ടുന്ന കർഷകർക്ക് മഴയിലെ കൃഷിനാശം തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.