ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. സംസ്ഥാന-ജില്ല ഭാരവാഹികള്‍ ഉൾപ്പെടെ നേതാക്കള്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നു. അതിരമ്പുഴ റീജനല്‍ സഹകരണ ബാങ്കിെൻറ ജൂണ്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവും 25 വര്‍ഷമായി നിയോജക മണ്ഡലം പ്രസിഡൻറും 40 വര്‍ഷമായി ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും പ്രസിഡൻറുമായിരുന്ന കെ.പി. ദേവസ്യയടക്കം അഞ്ച് നേതാക്കള്‍ യു.ഡി.എഫ് പാനലില്‍ ജനവിധി തേടും. കേരള കോണ്‍ഗ്രസ് മുന്‍ ജില്ല സെക്രട്ടറിയും മുന്‍ മണ്ഡലം പ്രസിഡൻറും ബാങ്ക് വൈസ് പ്രസിഡൻറുമായിരുന്ന ജെ. ജോസഫ്, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. ജയ്സണ്‍ ജോസഫ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗവും ബാങ്ക് മുന്‍ പ്രസിഡൻറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജോസ് അമ്പലക്കുളം, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ആന്‍സ് വര്‍ഗീസ് എന്നിവരാണ് കേരള കോണ്‍ഗ്രസ് വിട്ട് യു.ഡി.എഫിനൊപ്പം മത്സരിക്കുന്നത്. ഇവരെയെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി നിയോജക മണ്ഡലം പ്രസിഡൻറ് ജോസ് ഇടവഴിക്കല്‍ അറിയിച്ചു. നിലവില്‍ ബാങ്കില്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ആറ് വീതവും മുസ്ലിംലീഗിന് ഒന്നും അംഗങ്ങളാണുള്ളത്. ഇപ്പോള്‍ മത്സരരംഗത്തുള്ള ആന്‍സ് വര്‍ഗീസ് ഒഴികെ നാലുപേരും നിലവില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്നു. ഇവര്‍ നാലുപേരും സീറ്റ് ചോദിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല. അവസാനം നിലവിലുള്ള മൂന്നുപേര്‍ക്ക് സീറ്റ് കൊടുക്കാമെന്നായി നേതൃത്വം. ഇതോടെയാണ് ഇവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി യു.ഡി.എഫിലെത്തിയത്. അതേസമയം കേരള കോണ്‍ഗ്രസ് എം ഒൗദ്യോഗിക സ്ഥാനാര്‍ഥികളായ എട്ട് പേരുള്‍പ്പെടെ 36 പേരുടെ പത്രിക അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിലവിലെ അംഗങ്ങളായ ജോഷി ഇലഞ്ഞിയില്‍, ആനി ലൂക്കോസ് എന്നിവരും ഉള്‍പ്പെടും. പത്രിക പിന്‍വലിക്കേണ്ട അവസാനദിവസമായ ബുധനാഴ്ച ഇവരാരും പത്രിക പിന്‍വലിച്ചിട്ടില്ല. ഇവര്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ ചര്‍ച്ച നടത്തിവരുകയാണ്. യു.ഡി.എഫ് പാനലില്‍ കേരള കോണ്‍ഗ്രസിെൻറ അഞ്ച് പ്രതിനിധികളെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് ഏഴുപേരും മുസ്ലിംലീഗില്‍നിന്ന് ഒരാളുമാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.