പരിസ്ഥിതി ഫയൽ- ഒന്ന് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി മേഖല ഉൾപ്പെടുന്ന ഇടുക്കിക്ക് കേരളത്തിെൻറ കാലാവസ്ഥ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്. എന്നാൽ, വന നശീകരണവും കൈയേറ്റവും അമിതമായ മാനുഷിക ഇടപെടലും ജില്ലയുടെ പരിസ്ഥിതി തകിടം മറിക്കുന്നു. ഇടുക്കിയുടെ തനത് കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും ജൈവവൈവിധ്യംപോലും നഷ്ടമാകുന്ന കാലത്ത് പരിസ്ഥിതി ദിനത്തിലെ ഒരു തിരിഞ്ഞുനോട്ടം. പ്രകൃതി നേരിടുന്ന പരീക്ഷണങ്ങളും പ്രതീക്ഷകളും പങ്കുവെച്ച്... പശ്ചിമഘട്ടത്തിലെ മഴയും ജീവജാലങ്ങളും അപ്രത്യക്ഷമാകുന്നു തൊടുപുഴ: ഇടുക്കിയെ സഞ്ചാരികളുടെ പറുദീസ എന്നാണ് വിളിക്കുന്നത്. അതിന് പ്രധാന കാരണം ഇവിടത്തെ ജൈവവൈവിധ്യവും പരിസ്ഥിതിയുമാണ്. ഇടുക്കിയുടെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു മഴ. വിവിധതരം പേരുകളിൽ അറിയപ്പെടുന്ന മഴ പുതുതലമുറക്ക് അന്യം. 365 ദിവസവും നൂൽമഴ പെയ്തുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ ജില്ലയിലുണ്ടായിരുന്നു. നാൽപതാം നമ്പർ മഴയെന്നാണ് ഇതിന് പറയുക. കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ, കുമളി, അടിമാലി മേഖലകളെല്ലാം വർഷം മുഴുവൻ ആ മഴയിൽ തണുത്തുനിൽക്കും. എന്നാൽ, വൻതോതിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ച പ്രദേശങ്ങളിലൊന്നായി ഇടുക്കി മാറിയതോടെ നാൽപതാം നമ്പർ മഴയുടെ തണുപ്പ് പഴമക്കാരുടെ ഓർമകളിൽ മാത്രമായി. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി മേഖല ഉൾപ്പെടുന്ന ഇടുക്കിക്ക് കേരളത്തിെൻറ കാലാവസ്ഥ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്. ഈ മേഖലയിലെ ചെറിയൊരു മാറ്റം പോലും കേരളത്തിെൻറ കാലാവസ്ഥയെ സ്വാധീനിക്കും. തെക്കിെൻറ കശ്മീരായ മൂന്നാറിൽ ഒരുകാലത്ത് നട്ടുച്ചക്കുപോലും തണുത്തുവിറക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ രാത്രിയിലും ചൂട് അസഹനീയം. കാലാവസ്ഥ വ്യതിയാനം മൂലം മറയൂർ, വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിലെ കൃഷിയും കുറഞ്ഞു. പശ്ചിമഘട്ട മേഖലയിലെ 240 ഇനം അപൂർവ ജീവജാലങ്ങളിൽ 72 എണ്ണം ഇടുക്കിയിലെ ഏലമലക്കാടുകളിലായിരുന്നു. ഇവയിൽ പലതും അപ്രത്യക്ഷമായി. കമ്പംമേടിനും രാമക്കൽമേടിനുമിടയിലെ 640 ചതുരശ്ര കിലോമീറ്റർ മരുഭൂമിയായിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. കാൽനൂറ്റാണ്ടായി ഈ പ്രദേശത്ത് മഴ നാമമാത്രം. ജില്ലയിലെ നദികളും വരണ്ടു തുടങ്ങുകയാണ്. ജില്ലയിലെ ഭൂരിഭാഗം താലൂക്കുകളും ഉരുൾെപാട്ടൽ ഭീഷണിയിലുമാണ്. പരിസ്ഥിതി സംരക്ഷിക്കാൻ സ്കൂൾ പരിസരത്ത് നക്ഷത്രവനം മറയൂർ: മഴനിഴൽ പ്രദേശമായ മറയൂരിലെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തെ സെൻറ് മേരീസ് സ്കൂൾ പ്രകൃതിയെ സംരക്ഷിക്കാൻ തീർത്തത് ഒരു നക്ഷത്രവനം. മറയൂർ മലനിരകളിൽ പൊള്ളുന്ന ചൂടും പൊടിക്കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ നേച്വർ ക്ലബിെൻറ ചുമതലയുള്ള അധ്യാപിക ഐബി ജോസിന് തോന്നിയ ആശയം മറയൂർ ഡി.എഫ്.ഒ ആയിരുന്ന സാബി വർഗീസിനോട് പങ്കുെവച്ചപ്പോഴാണ് സ്കൂൾ പരിസരത്ത് നക്ഷത്രവനം ഒരുങ്ങിയത്. മലയാളം കലണ്ടറിലെ 27 നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട വൃക്ഷങ്ങൾ എല്ലാം സ്കൂൾ പരിസരത്ത് നട്ടുവളർത്തി വനമാക്കി മാറ്റുന്ന പദ്ധതിയാണ് നക്ഷത്രവനം പദ്ധതി. ഇടവേള സമയങ്ങളിൽ സ്കൂൾ കൂട്ടികളാണ് തൈകൾക്ക് വെള്ളം ഒഴിക്കുന്നതും പരിപാലിക്കുന്നതും. ഇതിനായി സ്കൂൾ പരിസരത്ത് പടുതക്കുളവും സ്ഥാപിച്ചിടുണ്ട്. കടുത്ത വെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ വീട്ടിൽനിന്ന് കുപ്പിയിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ചാണ് വൃക്ഷത്തൈകളെ സംരക്ഷിക്കുന്നതെന്ന് നക്ഷത്രവനം പദ്ധതിയുടെ കോഓഡിനേറ്ററും അധ്യാപികയുമായ ഐബി ടീച്ചർ പറയുന്നു. നക്ഷത്രവനം സ്ഥാപിക്കാൻ ആവശ്യമായ വൃക്ഷത്തൈകൾ നൽകിയത് 2015ൽ മറയൂർ ഡി.എഫ്.ഒ ആയിരുന്ന സാബി വർഗീസും റേഞ്ച് ഓഫിസറായ ജി. വിനോദ് കുമാറുമാണ്. ആദ്യം എത്തിച്ച തൈകളിൽ ചിലത് നശിച്ചപ്പോൾ സ്കൂൾ അധികൃതർതന്നെ തൊടുപുഴയിലെ സ്വകാര്യ നഴ്സറിയിൽനിന്നും തൈകൾ വാങ്ങികൊണ്ടുവന്നും നക്ഷത്രവനത്തെ സംരക്ഷിച്ച് വരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നക്ഷത്രവനം പൂർത്തിയാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.