അടിമാലി: തവളകൾക്ക് സ്വന്തം പുരയിടത്തിൽ ആവാസകേന്ദ്രമൊരുക്കി ആയിരമേക്കർ കൊച്ചുകാലായിൽ ബുൾബേന്ദ്രൻ. പാടത്തും പറമ്പിലും ഇവയെ കാണുന്നത് അപൂർവമായതോടെ പരിസ്ഥിതി സ്േനഹിയായ ഇദ്ദേഹം തവളകളെ ആകർഷിക്കുന്ന ഒരിടം പുരയിടത്തിൽ ഒരുക്കുകയായിരുന്നു. പാടശേഖരങ്ങളിലെ കീടനാശിനിയുടെ കൂടിയ ഉപയോഗവും ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങൾക്കും കൊന്നൊടുക്കുന്നതും തവളകളുടെ വംശനാശത്തിന് കാരണമാകുന്നതായി ബുൾബേന്ദ്രൻ പറയുന്നു. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്ന 40 ഇനം തവളകളെയാണ് ബുൾബേന്ദ്രൻ വനത്തിന് സമാനമായി സജ്ജമാക്കിയ മൂന്നേക്കർ പ്രദേശത്ത് സംരക്ഷിക്കുന്നത്. പുരയിടത്തിലെ പ്രത്യേക പടുതക്കുളങ്ങളിൽ കായലിൽനിന്ന് കൊണ്ടുവന്ന പായലുകൾ വെച്ചുപിടിച്ചാണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. തവളകൾ പരിസ്ഥിതി സന്തുലനത്തിൽ വഹിക്കുന്ന പങ്ക് മനസ്സിലാക്കിയാണ് സംരക്ഷിക്കാൻ സമയം കണ്ടെത്തുന്നെതന്ന് ബുൾബേന്ദ്രൻ പറയുന്നു. തവളകളുടെ വംശവർധനയിലൂടെ ഭൂമിയുടെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കാനാകും. പ്രജനനത്തിലൂടെ പെരുകുന്ന തവളകളെ അടച്ചിടാത്തതിനാൽ അവ സമീപ പ്രദേശങ്ങളിലും വിഹരിക്കുന്നു. സ്പീഷീസ് തവളകളും പേക്കാന്തവളകളും ജന്തു ഗോത്രത്തിലെ റാണിഡെ കുടുംബത്തിൽപെടുന്നവയുമടക്കം തവളകൾ ഇവിടെയുണ്ട്. കരയിലും ജലത്തിലും ജീവിക്കുന്ന തവള വർഗങ്ങളെ കാലാവസ്ഥക്കനുസരിച്ച് ഉഭയജീവി ജീവിതവ്യവസ്ഥ സാധ്യമാക്കിയാണ് വളർത്തുന്നതെന്ന് ബുൾബേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. വർഷകാലമാണ് ഇവയുടെ മുഖ്യ പ്രജനനം. കൂടാതെ ഒാരോ മാസവും പ്രജനനം നടത്തുന്ന ഇനങ്ങളുമുണ്ട്. ചില തവളകൾ അവയുടെ മുട്ടകളെ സംരക്ഷിക്കാറുണ്ട്. ചില ഇനങ്ങൾ വാൽമാക്രികളെ വരെ സംരക്ഷിക്കുന്നു. തവളകളുടെ ആദിമ ഇനങ്ങളധികവും ജലത്തിൽ ജീവിച്ചിരുന്നവയാണെന്നാണ് നിഗമനം. ചില വർഗങ്ങൾ ജീവിതചക്രത്തിെൻറ ഏറിയ ഭാഗവും ജലത്തിലോ ജലാശയങ്ങൾക്കടുത്തോ കഴിഞ്ഞുകൂടുന്നവയാണ്. ജന്തുശരീരത്തിെൻറ ഘടനയും പ്രവർത്തനക്രമവും മനസ്സിലാക്കാനുള്ള പഠനങ്ങൾക്ക് തവളകളെ ഉപയോഗപ്പെടുത്തുന്നു. മൂന്നാറിലെ ഭൂമികൈയേറ്റം, ഏലത്തോട്ടങ്ങളിലെ അമിത കീടനാശിനി പ്രയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം എന്നിവയിലൊക്കെ സജീവമായി ഇടപെടുന്ന ബുൾബേന്ദ്രൻ കെ.എസ്.ആർ.ടി.സിയിൽനിന്ന് സ്വയം വിരമിച്ചാണ് തവള സംരക്ഷണത്തിലേക്ക് മാറിയത്. ഭാര്യ സുജാത സഹായമായി ഒപ്പമുണ്ട്. മക്കൾ: ശബരിനാഥ്, ശങ്കരി ഇസബെല്ല. മരുമകൻ: ജിമ്മി. വാഹിദ് അടിമാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.