കോട്ടയം: റബർ മേഖലക്ക് നിയമ പരിരക്ഷ നൽകിയ റബർ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നികുതിരഹിത കാർഷികോൽപന്ന ഇറക്കുമതിക്കായി ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർ.സി.ഇ.പി വ്യാപാര കരാറിെൻറ മുന്നൊരുക്കമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ. റബർ ആക്ട് 1947 പ്രകാരമാണ് റബർ ബോർഡ് രൂപവത്കൃതമായത്. റബർ ആക്ട് റദ്ദ് ചെയ്യപ്പെടുമ്പോൾ റബർ ബോർഡും ഇല്ലാതാകും. ഇന്ത്യ ആസിയാൻ വ്യാപാര കരാറിെൻറ വ്യവസ്ഥകൾ റബർ ആക്ടിനെ നിർവീര്യമാക്കുന്നതാണ്. 2019 ഡിസംബർ 31ന് മുമ്പ് ആസിയാൻ കരാറിെൻറ നടത്തിപ്പ് പൂർണമാകണം. ആസിയാൻ വ്യാപാര കരാറുപ്രകാരം നിലവിൽ റബർ നെഗറ്റിവ് ലിസ്റ്റിലാണെങ്കിലും തുടർന്ന് നികുതിരഹിത ഇറക്കുമതിയുണ്ടാകും. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രകൃതിദത്ത റബർ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള വ്യാപാര കരാർ വൻ തിരിച്ചടി നൽകുന്നത് റബർ കർഷകർക്കാണ്. റബറിന് അടിസ്ഥാന വിലയും പരമാവധി വിലയും നിശ്ചയിക്കാനും ഇറക്കുമതി-കയറ്റുമതി നിയന്ത്രിക്കാനും റബർ നിയമത്തിൽ വ്യവസ്ഥകളുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കാൻ കഴിഞ്ഞ സർക്കാറും ഈ സർക്കാറും ശ്രമിച്ചിട്ടില്ല. ഇതിന് പ്രധാന കാരണം ലോകവ്യാപാര സംഘടനയിൽ ഇന്ത്യ ഒപ്പുവെച്ച വിവിധ വ്യവസ്ഥകളാണ്. ഈ വ്യവസ്ഥകൾ നിർദേശിച്ചത് കോൺഗ്രസ് നേതൃത്വ കേന്ദ്ര സർക്കാറാണ്. വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കർഷകരെ വിഡ്ഢികളാക്കുന്ന സർക്കാർ പ്രഖ്യാപനങ്ങൾ ഇനിയുണ്ടാകും. കർഷകവിരുദ്ധ രാജ്യാന്തര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിന്മാറാതെ കാർഷിക മേഖലക്ക് ഇനി രക്ഷപ്പെടാനാകില്ലെന്നും കർഷക പ്രസ്ഥാനങ്ങളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടിച്ച് ഇതിനെതിരെ ഒന്നിച്ച് നീങ്ങണമെന്നും ഇൻഫാം സംയുക്ത കർഷക സമ്മേളനം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.