കോട്ടയം: കോടതികളിലും കോർപറേറ്റുകളുടെ സ്വാധീനമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ക്ഷേമരാഷ്ട്രത്തിെൻറ നിലനിൽപിന് വൻകിട കോർപറേറ്റുകൾ ആവശ്യമാണെന്ന വിധി കോടതിയുടെ മനോഭാവം തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 'ജനാധിപത്യ ഇന്ത്യയും സ്വതന്ത്ര ജുഡീഷ്യറിയും' വിഷയത്തില്‍ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് ഫോറം കോട്ടയത്ത് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയൽ നിയമം ഭേദഗതിക്കുള്ള നിർദേശം സുപ്രീംകോടതിയുടെ വരേണ്യ മനോഭാവമാണ് വ്യക്തമാക്കിയത്. പൊതുതാൽപര്യ ഹരജികള്‍ വെറും സമയനഷ്ടമാണുണ്ടാക്കുന്നതെന്ന പരാമർശവും പാതയോരത്തെ മദ്യനിരോധന വിധി പിന്നീട് റദ്ദാക്കിയതും ഹാരിസണ്‍ കേസിലെ ഹൈകോടതി വിധിയുമൊക്കെ അമ്പരിപ്പിക്കുന്നതാണ്. സത്യത്തെ അന്വേഷിക്കാനായിരുന്നില്ല, മറച്ചുവെക്കാനായിരുന്നു ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധി. വിരമിച്ച ജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കരുതെന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ജഡ്ജിമാര്‍ അവരുടെ കടമകള്‍ യഥാവിധിയാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കാന്‍ ബ്രിട്ടീഷ് മാതൃകയിൽ ജുഡീഷ്യല്‍ സ്റ്റാൻഡേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമീഷന്‍ ആലോചിക്കണമെന്നും സുധീരൻ പറഞ്ഞു. വാര്‍ത്തകളില്‍ നിറയാനുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രവണത ആശ്വാസ്യമെല്ലന്ന് അധ്യക്ഷത വഹിച്ച ജസ്റ്റിസ് ആർ. ബസന്ത് പറഞ്ഞു. ഡോ. എന്‍.കെ. ജയകുമാര്‍, ബി. രാധാകൃഷ്ണ മേനോന്‍, ഡിജോ കാപ്പന്‍, സിബി ചേനപ്പാടി, ഫ്രാന്‍സിസ് തോമസ് എന്നിവര്‍ സംസാരിച്ചു. ചെറുകര സണ്ണി ലൂക്കോസ് വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.