കാണാതായ കുട്ടികൾ പടുതക്കുളത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത്​ പിറ്റേന്ന്​

കുമളി: തറവാട്ടുവീട്ടിൽ ഉച്ചഭക്ഷണം കഴിക്കാൻ പോയതിന് പിന്നാലെ കാണാതായ സഹോദരങ്ങളെ പടുതക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമളി, ആനക്കുഴി എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്-ഇസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (എട്ട്), സഹോദരി ലക്ഷ്മിപ്രിയ (ആറ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഇസക്കിയമ്മയുടെ തറവാട്ടുവീട്ടിൽ ഇരുവരും ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ ശേഷം ഇസക്കിയമ്മയുടെ അമ്മ സരസ്വതി തേയിലത്തോട്ടത്തിൽ പണിക്കുപോയി. ഭക്ഷണം കഴിച്ചശേഷം കുട്ടികൾ തിരികെ അമ്മയുടെ അടുത്തേക്ക് പോകാറാണ് പതിവ്. എന്നാൽ, വൈകീട്ടും കുട്ടികൾ തിരികെ വരാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പ്രദേശമാകെ തിരഞ്ഞിട്ടും കാണാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹ​െൻറ നേതൃത്വത്തിൽ കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, സ്റ്റേഷനുകളിലെ പൊലീസുകാർ നേരം പുലരുംവരെ തിരച്ചിൽ നടത്തി. ഒടുവിലാണ് ഏലത്തോട്ടത്തിന് നടുവിലെ പടുതക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങൾ അഴിച്ചുെവച്ച നിലയിൽ കണ്ടത്. തറവാട്ടുവീട്ടിൽനിന്ന് അരക്കിലോമീറ്ററോളം അകലെ ഏറെ താഴെയായാണ് പടുതക്കുളം. 10 അടിയോളം ആഴമുള്ള കുളം മൂടിക്കെട്ടി സുരക്ഷിതമാക്കിയ നിലയിലായിരുന്നു. ഇതി​െൻറ ഒരു ഭാഗത്തെ നെറ്റ് നീക്കി ഇതിനുള്ളിലൂടെ കുട്ടികൾ കുളത്തിൽ നീന്താനിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. അതിനിടെ മുങ്ങിത്താഴ്ന്ന് മരണം സംഭവിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുകയാണ്. മരണത്തിൽ സംശയം ആരോപിച്ച് ഇസക്കിയമ്മയുടെ പിതാവ് രാജനും അനീഷി​െൻറ പിതാവ് മോനച്ചനും പരാതിപ്പെട്ടതിനെ തുടർന്ന് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 11ന് എസ്റ്റേറ്റ് ശ്മശാനത്തിൽ സംസ്കരിക്കും. ഡൈമുക്ക് ലൂദറൺ എൽ.പി സ്കൂളിലെ രണ്ട്, നാല് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു ഇരുവരും. തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.