അടിമാലി: ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലാതെ അടിമാലി താലൂക്ക് ആശുപത്രി പ്രവർത്തനം അവതാളത്തിൽ. ആശുപത്രി വികസനം വേഗത്തിലാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മാസങ്ങളായി പണി പൂർത്തിയായി കിടക്കുന്ന ബഹുനില കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റുന്നതടക്കം വികസനത്തെ തുരങ്കംവെക്കുന്ന സമീപനമാണ് സർക്കാറിനെന്ന് ആക്ഷേപം. വൈദ്യുതി ജോലികൾ പൂർത്തിയാക്കുന്നതിലെ കാലതാമസമാണ് പ്രശ്നം. സൗകര്യമില്ലാത്തതിനാൽ മരുന്നുകൾ ഫാർമസിക്ക് ചുറ്റും നിരത്തിവെച്ചിരിക്കുകയാണ്. 66 ബെഡുകളോടെ 1961ലാണ് കമ്യൂണിറ്റി ഹെൽത്ത് സെൻററായി പ്രവർത്തനം തുടങ്ങിയത്. 2011ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി. വിശാലമായ കെട്ടിടങ്ങളും 130 ബെഡുകളുമായി ആശുപത്രി വളർന്നെങ്കിലും ജീവനക്കാരെ വർധിപ്പിക്കാൻ ഇതേവരെ സർക്കാർ തയാറായിട്ടില്ല. 17 ഡോക്ടർമാരുടെ തസ്തികയാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ, അനസ്തേഷ്യ വിഭാഗത്തിൽ ഡോക്ടർമാരില്ല. മൂന്ന് ഫിസിഷ്യന്മാരിൽ രണ്ടുപേരുടെ ഒഴിവുണ്ട്. നഴ്സിങ് ജീവനക്കാരിൽ എട്ടുപേരുടെ കുറവുണ്ട്. പാർട്ട് ടൈം സ്വീപ്പർമാരുടെ എല്ലാ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. ക്ലീനിങ് വിഭാഗത്തിൽ മൂന്നുപേർ മാത്രമാണ് ഉള്ളത്. ആശുപത്രി വികസന സമിതി ആറുപേരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ടെങ്കിലും ഇത് ആവശ്യത്തിന് തികയുന്നില്ല. ആംബുലൻസ് ഉപയോഗിക്കാൻ കഴിയാതെ വർക്ഷോപ്പിലേക്ക് മാറ്റി. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഏറ്റവും കൂടുതൽ പ്രസവകേസുകൾ നടക്കുന്നത് ഈ ആശുപത്രിയിലാണ്. 2017ൽ ഈ ആശുപത്രിയിൽ 1493 കുട്ടികളാണ് ജനിച്ചത്. 112 മേജർ ഓപറേഷനുകളും 372 മൈനർ ഓപറേഷനുകളും നടത്തി. ലാബ്, ഫാർമസി തുടങ്ങിയ ഇടങ്ങളിൽ പൂർണമായി താൽക്കാലിക ജീവനക്കാരാണുള്ളത്. ഒ.പിയിൽ 1000ത്തിന് മുകളിൽ രോഗികളെത്തുേമ്പാൾ 130 ബെഡുകളിലായി 150 ലേറെ പേർ ചികിത്സയിലുമുണ്ട്. പ്രതിദിനം രോഗികളുടെ എണ്ണം പെരുകിയിട്ടും ആശുപത്രിയോട് സർക്കാർ അവഗണന തുടരുന്നതിെൻറ ദുരനുഭവം രോഗികളാണ് അനുഭവിക്കുന്നത്. ശസ്ത്രക്രിയക്ക് അനസ്തെറ്റിസ്റ്റിനെ കൊണ്ടുവരണമെങ്കിൽ 2000 രൂപ നൽകണം. ഒ.പിയിൽ എത്താൻ ഡോക്ടർമാർക്ക് താൽപര്യം ഇല്ല. സീനിയർ ഡോക്ടർമാർ രാവിലെയും വൈകീട്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ഒ.പി പ്രവർത്തനത്തെ ബാധിക്കുന്നു. ഡോക്ടർമാരുടെ വീടുകളിലെത്തുന്ന രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നതും മരുന്ന് കുറിപ്പടി ഫാർമസിയിലേക്ക് നൽകുന്നതും ജീവനക്കാരുടെ ഇടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ സ്റ്റാൾ വണ്ടിപ്പെരിയാർ: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് പീരുമേട് എക്സൈസ് സർക്കിൾ ഓഫിസും വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഒാഫിസും സംയുക്തമായി കുമളി പഞ്ചായത്ത് പൊതുവേദിയിൽ ലഹരിവിരുദ്ധ സ്റ്റാൾ ഒരുക്കി. ഉദ്ഘാടനം കുമളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹൈദ്രോസ് മീരാൻ നിർവഹിച്ചു. സ്റ്റാളിനോടനുബന്ധിച്ച് നടത്തിയ പുകയില വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രരചന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. മത്സരവിജയികൾക്ക് പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യൻ സമ്മാനം വിതരണം ചെയ്തു. വണ്ടിപ്പെരിയാർ റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുട്ടിയുടെ നേതൃത്വത്തിൽ പുകയില വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ലഘുലേഖ വിതരണം നടത്തി. കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു തൊടുപുഴ: ഒളിമ്പിക്സ്, കോമൺവെൽത്ത് തുടങ്ങിയ അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡൽ ലക്ഷ്യമിട്ട് സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ നടപ്പാക്കുന്ന എലൈറ്റ് െട്രയ്നിങ് പദ്ധതിയിലേക്ക് (ഇ.എ.ടി.സി) വോളിബാൾ കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. പ്ലസ് വൺ ക്ലാസിലേക്കാണ് സെലക്ഷൻ. 190 സെൻറിമീറ്ററിന് മുകളിൽ പൊക്കമുള്ളവരും 2002 ജനുവരി ഒന്നിനുശേഷം ജനിച്ചവരും നല്ല കായിക ക്ഷമതയുള്ളവരുമായ കായിക താരങ്ങൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പ്രായപരിധി 23. 2016- 17, 2017-18 വർഷങ്ങളിൽ വോളിബാൾ കായിക ഇനത്തിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കായിക താരങ്ങൾക്കാണ് ട്രയൽസിൽ പങ്കെടുക്കാൻ അർഹത. ജൂൺ നാലിന് രാവിലെ എട്ടിന് തൃശൂർ, തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിലാണ് സെലക്ഷൻ. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്പോർട്സ് സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോൺ: 0471-2330167.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.